വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണു ; നാല് യുവതികൾക്ക് ദാരുണാന്ത്യം - നാല് യുവതികൾക്ക് ദാരുണാന്ത്യം
കർണാടക-മഹാരാഷ്ട്ര അതിർത്തി ഗ്രാമത്തിലെ കിത്‌വാഡ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്
ബെലഗാവി (കർണാടക ): സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തില്‍ വീണ് നാല് യുവതികൾക്ക് ദാരുണാന്ത്യം. കർണാടക-മഹാരാഷ്ട്ര അതിർത്തി ഗ്രാമത്തിലെ കിത്‌വാഡ വെള്ളച്ചാട്ടത്തിൽ ശനിയാഴ്‌ചയാണ് നടുക്കുന്ന സംഭവം. ബെലഗാവി ജില്ലക്കാരായ ഉജ്വൽ നഗറിലെ ആസിയ മുജാവർ (17), അനഗോളയിലെ കുദ്ഷിയ ഹസം പട്ടേൽ (20), റുക്കാഷർ ഭിസ്‌തി(20), സത്പത് കോളനിയിലെ തസ്‌മിയ (20) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബെലഗാവിയിൽ നിന്ന് 40 യുവതികൾ അടങ്ങിയ സംഘമാണ് കിത്‌വാഡ വെള്ളച്ചാട്ടത്തിലേക്ക് വിനോദ യാത്രയ്‌ക്കെത്തിയത്. പിന്നാലെ സെൽഫി എടുക്കുന്നതിനിടെ അഞ്ച് പേർ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.
നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ കരയ്‌ക്കെത്തിക്കാൻ സാധിച്ചുള്ളൂ. യുവതികളുടെ മൃതദേഹങ്ങൾ ബെലഗാവിയിലെ ബിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിംസ് ആശുപത്രിക്ക് സമീപം കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.