ലക്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ജനിതകമാറ്റം വന്ന നാല് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് പുതിയതരം കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം ഒമ്പതായി ഉയർന്നു. ഡിസംബർ 14ന് ബ്രിട്ടനിൽ നിന്നും മീററ്റിലെത്തിയ കുടുംബത്തിലെ രണ്ട് വയസുള്ള കുട്ടിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ച നാല് സ്‌ത്രീകളും പെൺകുട്ടിയുടെ കുടുംബവുമായി സമ്പർക്കം പുലർത്തിയിരുന്നു.
രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി ജില്ലാഭരണകൂടം അറിയിച്ചു. എന്നാൽ രോഗ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചു. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ ആളുകളുടെ വിവരം ശേഖരിച്ച് അവരുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.