ന്യൂഡൽഹി: രാജ്യത്ത് അംഗീകരിച്ച മൂന്നാമത്തെ കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി ജൂൺ 19 മുതൽ പരിമിതമായ രീതിയിൽ പൈലറ്റ് റോൾ-ഔട്ട് ആരംഭിക്കുമെന്ന് ഫോർട്ടിസ് ഹെൽത്ത് കെയർ. ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബാഡ്ഡി, കോലാപ്പൂർ, മിര്യാലഗുഡ എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിൽ കൂടി സ്‌പുട്‌നിക് വി വാക്‌സിൻ ലഭ്യമാകുമെന്ന് സ്‌പുട്‌നിക് വി നിർമാതാക്കളും ട്വീറ്ററിലൂടെ അറിയിച്ചിരുന്നു.
ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും അവരുടെ മൊഹാലി അടിസ്ഥാനമാക്കിയുള്ള കേന്ദ്രത്തിലും ലഭ്യമാകുമെന്ന് ഫോർട്ടിസ് അധികൃതർ അറിയിച്ചു. ഘട്ടം ഘട്ടമായുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായി റഷ്യൻ നിർമിത കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക് വി 11 നഗരങ്ങളിലായുള്ള കൂടുതൽ ഫോർട്ടിസ് ആശുപത്രികളിൽ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
Also Read: കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള ദേശീയ പരിശീലനം വെള്ളിയാഴ്ച
കഴിയുന്നത്ര ഇന്ത്യക്കാർക്ക് പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഫോർട്ടിസ് സജീവമായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകളായിരുന്നു ഫോർട്ടിസിൽ നിന്നും ലഭിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് സ്‌പുട്‌നിക് വി വാക്‌സിൻ റഡ്ഡീസ് ലബോറട്ടറീസിൽ നിന്നും നേരിട്ട് വാങ്ങിയതായി കമ്പനി അറിയിച്ചു.
സ്‌പുട്‌നിക് വി വാക്‌സിന് 90 ശതമാനം ഫലപ്രാപ്‌തിയുള്ളതായി അടുത്തിടെ നടന്ന പരീക്ഷണങ്ങൾ തെളിയിച്ചിരുന്നു. അഡ്‌മിനിസ്ട്രേറ്റീവ് ചാർജുകൾ ഉൾപ്പെടെ സ്‌പുട്‌നിക് വി ഒരു ഡോസിന് വില 1,145 രൂപയാണ്.