മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസിൽ എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ മുൻ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെ മൂന്ന് പേർ മുംബൈ ക്രൈംബ്രാഞ്ച് സംഘത്തിൻ്റെ പിടിയിൽ. വ്യാജ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയാണ് സംഘം തട്ടിയത്. യശ്വന്ത് ഗുപ്‌ത എന്ന സോനു (23), അസ്ഹറുദീൻ അൻസാരി (22), ഇസ്‌തിക് അഹമ്മദ് ഖാൻ (27) എന്നിവരാണ് അറസ്റ്റിലായത്.
ഒടിപി, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ പങ്കുവക്കാതെ തന്നെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്‌ടമാകുന്നുവെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൻ്റെ മുൻ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെയുള്ള സംഘം പിടിയിലായത്. ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് ബാങ്കിൻ്റെ ഡെപ്യൂട്ടി മാനേജരെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി സംഘം തട്ടിപ്പ് നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രതികളുടെ പക്കൽ നിന്ന് സ്‌കിമ്മർ മെഷീൻ, മാഗ്നറ്റിക് സ്ട്രൈപ്പ് കാർഡ്, ഡെബിറ്റ് കാർഡ്, മൊബൈൽ ഫോൺ, 27,000 രൂപ എന്നിവ കണ്ടെടുത്തു.