ഹൈദരാബാദ്: ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷയും മുൻ എംപിയുമായ സുസ്‌മിത ദേവ് കോൺഗ്രസില്‍ നിന്ന് രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയചച്ച രാജിക്കത്തില്‍ പാർട്ടി വിടുന്നതിന് കാരണങ്ങൾ ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പൊതു ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണെന്നാണ് സുസ്‌മിത രാജിക്കത്തില്‍ പറയുന്നത്.
അസമില്‍ നിന്നുള്ള വനിത നേതാവായ സുസ്‌മിത 30 വർഷമായി കോൺഗ്രസുമായുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിന്‍റെ മകളായ സുസ്‌മിത നിലവില്‍ ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷയായിരുന്നു. ഇന്ത്യൻ നാഷണല്‍ കോൺഗ്രസിനൊപ്പമുള്ള യാത്രയില്‍ എല്ലാവർക്കും നന്ദി പറയുന്നതായും സുസ്‌മിത രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
ഇനി തൃണമൂലിലേക്ക് ?
കോൺഗ്രസില്‍ നിന്ന് രാജിവെച്ച സുസ്‌മിത തൃണമൂല്‍ കോൺഗ്രസില്‍ ചേരുമെന്നാണ് സൂചന. ഇന്ന് മമത ബാനർജി, അഭിഷേക് ബാനർജി എന്നിവരുമായി സുസ്‌മിത കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. അസമിലെ സില്‍ചറില്‍ നിന്നുള്ള എംപിയായിരുന്ന സുസ്‌മിത തൃണമൂലില്‍ ചേർന്നാല്‍ അസമില്‍ പാർട്ടിയുടെ മുഖമായി അവർ മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഡല്‍ഹിയില്‍ ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ചിത്രങ്ങൾ പോസ്റ്റു ചെയ്തതില്‍ ട്വിറ്റർ ബ്ലോക്ക് ചെയ്ത കോൺഗ്രസ് നേതാക്കളില്‍ സുസ്‌മിത ദേവുമുണ്ടായിരുന്നു.