ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ബിജെപി അംഗത്വം എടുത്തത്. കഴിഞ്ഞ മാസമാണ് കിരൺ കുമാർ റെഡ്ഡി കോൺഗ്രസില്‍ നിന്ന് രാജിവച്ചത്. ബിജെപി ദേശീയ നേതൃത്വവുമായി കിരൺ കുമാർ റെഡ്ഡി ചർച്ചകൾ നടത്തുന്നതായി വാർത്തകൾ വന്നിരുന്നു.
2010ലാണ് കിരൺ കുമാർ റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 2014ല്‍ സംസ്ഥാനം വിഭജിക്കാനും തെലങ്കാന രൂപീകരിക്കാനുമുള്ള യുപിഎ സർക്കാർ തീരുമാനത്തോട് വിയോജിച്ച് രാജിവച്ചിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും വിജയം കണ്ടില്ല. 2018ല്‍ കോൺഗ്രസില്‍ തിരിച്ചെത്തിയെങ്കിലും സജീവ പരിഗണന ലഭിച്ചിരുന്നില്ല.
അതേസമയം കോണ്‍ഗ്രസിനെതിരെ വലിയ വിമർശനമാണ് കിരൺ കുമാർ റെഡ്ഡി ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളുമായി ഇടപഴകുന്നില്ലെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നില്ലെന്നും അടിസ്ഥാന യാഥാർഥ്യങ്ങളിൽ നിന്ന് മാറി നിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അവർക്ക് അധികാരം വേണം. പക്ഷേ അവർക്ക് കഠിനാധ്വാനം ചെയ്യാൻ താത്‌പര്യമില്ല.
അവർക്ക് ഉത്തരവാദിത്തവും ആവശ്യമില്ല. നിങ്ങൾക്ക് ഒരു വസ്ത്രം തയ്‌ക്കണമെങ്കിൽ നിങ്ങൾ ഒരു തയ്യൽക്കാരന്‍റെ അടുത്തേക്കാണ് പോകേണ്ടത്, ഒരു ബാർബറുടെ അടുത്തേക്കല്ല, അദ്ദേഹം പറഞ്ഞു. അതേസമയം കഴിവില്ലാത്തവരെയാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ചുമതലകൾ ഏൽപ്പിക്കുന്നതെന്നും കിരൺ കുമാർ റെഡ്ഡി ആരോപിച്ചു.
ഇടപെടലുകളുടെ അഭാവം മൂലം ഏത് നേതാവിനെയാണ് ജോലി ഏൽപ്പിക്കേണ്ടത് എന്ന് അവർക്ക് അറിയില്ല. ഒരു നേതാവിന്‍റെ സവിശേഷതകൾ അവർക്ക് അറിയില്ല. ഒരു യഥാർഥ നേതാവ് ജനങ്ങളെ കാണുകയും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും വിലയിരുത്തുകയും വേണം. അത് പ്രധാന നേതാക്കളെ ബോധ്യപ്പെടുത്തി അവയ്‌ക്ക് പരിഹാരം കാണുകയും വേണം, അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം കോണ്‍ഗ്രസിൽ നിന്ന് വിട്ട് പോരേണ്ടി വരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും കിരണ്‍ കുമാർ റെഡ്ഡി പറഞ്ഞു. 1952 മുതൽ കോണ്‍ഗ്രസുമായി ബന്ധമുണ്ട്. പിതാവിന്‍റെ തുടർച്ചയായി നാല് തവണ കോണ്‍ഗ്രസ് എംഎൽഎ ആയിരുന്നു. ആന്ധ്രാപ്രദേശ് വിഭജനത്തിന് ശേഷം പ്രതിപക്ഷം സീറ്റ് നൽകാൻ തയ്യാറായെങ്കിലും താൻ കോണ്‍ഗ്രസ് വിട്ട് പോയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഹൈക്കമാൻഡ് എടുത്ത തെറ്റായ തീരുമാനങ്ങൾ കാരണം കോൺഗ്രസ് പാർട്ടി എല്ലാ സംസ്ഥാനങ്ങളിലും ജീർണ്ണിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ചിന്തയിലും സ്ഥിരതയിലും വ്യക്തതയുണ്ടെന്നും ധീരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് പാർട്ടി ഒരിക്കലും ഒഴിഞ്ഞുമാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സ്ഥാപക ദിനത്തില്‍ ബിജെപിക്ക് ലോട്ടറി ; കോണ്‍ഗ്രസിന് ഹൈവോള്‍ട്ടേജ് ഷോക്കേല്‍പ്പിച്ച് അനില്‍ ആന്‍റണി
അതേസമയം ഇന്നലെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണിയും ബിജെപിയില്‍ ചേർന്നിരുന്നു. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി ദേശീയ നേതൃത്വം നടത്തുന്നത്.