ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു. 89 വയസായിരുന്നു. 1956ലെ മെല്‍ബെണ്‍ ഒളിമ്പിക്‌സില്‍ നാലാമതായി ഫിനിഷ് ചെയ്‌ത ഇന്ത്യന്‍ ടീമില്‍ അദ്ദേഹവുമുണ്ടായിരുന്നു. വെള്ളിയാഴ്‌ചയായിരുന്നു അന്ത്യം.
1958ലെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലും സെമിയില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നു ഹുസൈന്‍. 1956 ഡിസംബര്‍ 7ന് ബള്‍ഗേറിയക്കെതിരെയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ മത്സരം. മികച്ച ഡിഫന്‍റര്‍ ആയ അഹമ്മദ് ഹുസൈന്‍ ഇന്ത്യക്ക് വേണ്ടി 11തവണ കളിക്കുകയും ചെയ്‌തു. സന്തോഷ് ട്രോഫിയില്‍ ഹൈദരാബാദ്, ബംഗാള്‍ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
മരണത്തില്‍ ഓള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ അനുശോചനം രേഖപ്പെടുത്തി. എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസും അനുശോചനമറിയിച്ചു. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബിന് വേണ്ടി കളിച്ച ഹുസൈന്‍ 1960ല്‍ ധാക്കയില്‍ നടന്ന അഖ ഖാന്‍ ഗോള്‍ഡ് കപ്പ് കരസ്ഥമാക്കിയ ടീമിലും അംഗമായിരുന്നു. കപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ ടീമായിരുന്നു ഇത്.