ചെന്നൈ: കനത്ത മഴയിൽ റൺവേയിൽ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലെ എല്ലാ വിമാന സർവീസുകളും താത്കാലികമായി റദ്ദാക്കി. ചെന്നൈയിലേക്ക് പറന്നിറങ്ങേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടുകയാണ്.
കാറ്റിന്‍റെ വേഗതയും കൂടുതലാണെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് സർവീസ് താത്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമായാൽ വിമാന സർവീസ് പുനരാരംഭിക്കും. വിമാനത്താവളത്തിലെ പ്രത്യേക സംഘം ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ പ്രകാരം ഉചിതമായി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
ചെന്നൈയിലെ വേലാച്ചേരി, പള്ളിക്കരണൈ മേഖലകളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. നിരവധി വാഹനങ്ങളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. നിരവധി വാഹനങ്ങൾ വെള്ളത്തില്‍ ഒഴുകി പോകുന്നതും കാണാം.