ജയ്‌പൂർ: രാജസ്ഥാനിൽ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവിധ കേസുകളിൽ അഞ്ചു പേർ അറസ്‌റ്റിലായി. ആയുർവേദ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടറും പൊലീസ് ഹെഡ് കോൺസ്‌റ്റബിളും ഉൾപ്പെടെ അഞ്ച് പേരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്‌റ്റ് ചെയ്തത്.
ഒരു വാഹന കരാറുകാരനിൽ നിന്ന് 4,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആയുർവേദ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. റോഷൻ ലാൽ ശർമ പിടിയിലായത്. മോഷണ കേസിൽ നടപടി സ്വീകരിച്ചതിന് ഭരത്‌പൂർ ജില്ലയിലെ ജുഹാര പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിൾ സോഹൻ ലാലും അറസ്‌റ്റിലായി. ജയ്‌പൂർ ഹെറിറ്റേജ് മുനിസിപ്പൽ കോർപ്പറേഷനിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ദിനേശ് കുമാർ അറസ്‌റ്റിലായത് പരാതിക്കാരന് വിവാഹ സർട്ടിഫിക്കറ്റ് നൽകിയതിന് 400 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്.
ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരായ വിനോദ് സിംഗും ജിതേന്ദ്ര കുമാറും ഔദ്യോഗിക ജോലികൾക്കിടയിൽ ഒരാളിൽ നിന്ന് 1500 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്‌റ്റിലായത്.