പൂർണിയ : ബിഹാറിൽ അപൂർവ ഇനത്തില്‍പ്പെട്ട ടോക്കായ് ഗെക്കോ (Tokay Gecko) പല്ലിയെ കടത്തിയതിന് അഞ്ചുപേർ അറസ്റ്റിൽ. സംസ്ഥാനത്തെ പൂർണിയ ജില്ലയിലെ താജ് മെഡിസിൻ ഹാൾ എന്ന മെഡിക്കൽ ഷോപ്പിൽ നിന്നാണ് പല്ലിയെ കണ്ടെടുത്തത്. രാജ്യാന്തര വിപണിയിൽ ഒരു കോടി വിലമതിക്കുന്ന ഇതിനെ ഡൽഹിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഇവിടെ എത്തിച്ചത്.
കേസിൽ ഉൾപ്പെട്ട മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്കും കൂടുതല്‍ പേര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഏഷ്യയിലും ചില പസഫിക് ദ്വീപുകളിലുമാണ് ടോക്കായ് ഗെക്കോ എന്ന അപൂർവ ഇനത്തില്‍പ്പെട്ട പല്ലി കാണപ്പെടുന്നത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ മൂന്നില്‍ ഉള്‍പ്പെട്ട വംശനാശഭീഷണി നേരിടുന്ന ജീവിയാണിത്.
പശ്ചിമ ബംഗാളിലെ കരണ്ടിഗിയിൽ നിന്നാണ് പ്രതികള്‍ ഈ പല്ലിയെ കൊണ്ടുവന്നതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ (എസ്‌ഡിപിഒ) ആദിത്യ കുമാര്‍ അറിയിച്ചു. പുറമെ, നിരോധിത രാസവസ്‌തുവായ കോഡിൻ അടങ്ങിയ 50 ബോട്ടില്‍ കഫ് സിറപ്പും ഇതേ കടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.