ഹൈദരാബാദ്: മേച്ചൽ-മൽക്കജ്ഗിരി ജില്ലയിലെ ബച്ചുപള്ളിയിൽ നിന്ന് ക്രിക്കറ്റ് വാതുവയ്പ്പ് സംഘത്തെ സൈബരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 21.50 ലക്ഷം രൂപയും പിടിച്ചെടുത്തതായി സൈബരാബാദ് പൊലീസ് കമ്മീഷണർ വി.സി സജ്ജനാർ പറഞ്ഞു.
അഞ്ച് പേരാണ് പൊലീസിന്‍റെ പിടിയിലായത്. വാതുവെപ്പ് ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തതായും പോലീസ് കമ്മീഷണർ പറഞ്ഞു. പാകിസ്ഥാൻ പ്രീമിയർ ലീഗിലായിരുന്നു വാതുവെപ്പ്. ആപ്ലിക്കേഷനുകൾ വഴി ഓൺലൈനായാണ് പന്തയം നടത്തിയിരുന്നത്.
also read: ക്രിക്കറ്റ് വാതുവയ്പ്പ് : ആന്ധ്രപ്രദേശില്‍ നാല് പേര്‍ അറസ്റ്റില്‍
നിസാംപേട്ടിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കിഴക്കൻ ഗോദാവരി ജില്ല സ്വദേശിയായ സോമണ്ണ എന്ന വ്യക്തിയാണ് മുഴുവൻ പ്രവർത്തനത്തിന്‍റെയും മേൽനോട്ടം വഹിച്ചിരുന്നത്. 26 മൊബൈൽ ഫോണുകൾ, കമ്മ്യൂണിക്കേറ്റർ ബോർഡ്, വൈഫൈ റൂട്ടർ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
ലൈവ് ലൈൻ ഗുരു, ക്രിക്കറ്റ് മാസ, ലോട്ടസ്, ബെറ്റ് 365 തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴിയാണ് ഓൺലൈനായി വാതുവയ്പ്പ് നടത്തിയത്. കൂടുതലും ചെറുപ്പക്കാരും വിദ്യാർഥികളുമാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ കെണിയിൽ വീഴാതിരിക്കാൻ മാതാപിതാക്കള്‍ കുട്ടികളെ നിരീക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു.