കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച 2.8 ശതമാനം കുറയുമെന്ന് ഫിച്ച് റേറ്റിങ്സ്. 10 ശതമാനം ആയിരിക്കും നടപ്പ് സാമ്പത്തിക വർഷത്തെ രാജ്യത്തിന്‍റെ വളർച്ച. ഇതിന് മുമ്പ് ഇതേ സാമ്പത്തിക വർഷം ഇന്ത്യ 12.8 ശതമാനം വളർച്ച നേടുമെന്നായിരുന്നു ഇവരുടെ പ്രവചനം.
Also Read:കൊവിഡിനിടയിലും ഇൻഫോപാർക്കിന്‍റെ കയറ്റുമതിയിൽ 22% വർധന
സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഉണ്ടായ കൊവിഡ് രണ്ടാം തരംഗം ബാങ്കിംഗ് മേഖലയിലെ വെല്ലുവിളികൾ വർധിപ്പിച്ചു. രണ്ടാം തരംഗത്തെ തുടർന്നുണ്ടായ പ്രാദേശിക ലോക്ക്ഡൗണുകൾ വളർച്ചയുടെ വേഗതയെ കാര്യമായി ബാധിച്ചു.
എന്നാൽ 2020ലെ പോലെ അത് സാമ്പത്തിക പ്രവർത്തനം ആകെ സ്തംഭിപ്പിച്ചില്ല. പക്ഷേ പല പ്രധാന ബിസിനസ് കേന്ദ്രങ്ങളുടെയും പ്രവർത്തനം തടസപ്പെട്ടെന്നും ഫിച്ച് പറഞ്ഞു.
ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ഇടക്കാല വളർച്ചാനിരക്ക് 6.5 ശതമാനമായിരിക്കുമെന്നാണ് ഫിച്ചിന്‍റെ പ്രവചനം. സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് വാക്‌സിനേഷനാണ് വേണ്ടത്.
പ്രതിരോധ നടപടികൾ കൊണ്ട് താത്‌കാലിക പ്രയോജനം മാത്രമേ ഉണ്ടാകൂ എന്നും ഫിച്ച് വിലയിരുത്തി. ഈ മാസം ജൂലൈ 5 വരെ ജനസംഖ്യയുടെ 4.7 ശതമാനം പേർക്ക് മാത്രമേ പൂർണമായി വാക്‌സിൻ നൽകാൻ രാജ്യത്തിനായുള്ളൂവെന്നും ഫിച്ച് ചൂണ്ടിക്കാട്ടി.
രണ്ടക്കം കടന്നത് ഫിച്ചിന്‍റെ പ്രവചനത്തിൽ മാത്രം
നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.5 ആയി കുറയുമെന്നാണ് ആർബിഐയുടെ പ്രവചനം. നേരത്തെ രാജ്യം 10.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു ആർബിഐ വിലയിരുത്തൽ.
നേരത്തെ അമേരിക്കൻ റേറ്റിംഗ് ഏജൻസിയായ മൂഡീസ് നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.3 ശതമാനം ആയിരിക്കുമെന്ന് പ്രവചിച്ചിരുന്നു.
ജൂണ്‍ മാസം ആദ്യം ലോകബാങ്കും ഇന്ത്യയുടെ ജിഡിപി പ്രവചിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 10.1ൽ നിന്ന് 8.3 ശതമാനമായി കുറയുമെന്നായിരുന്നു ലോകബാങ്ക് വിലയിരുത്തിയത്.
ഇന്ത്യൻ റേറ്റിംഗ് ഏജൻസിയായ ഐസിഐആർഎ 8.5 ശതമാനവും ബ്രിട്ടീഷ് ഏജൻസി ബാർക്ലെയ്‌സ് 9.2 ശതമാനം വളർച്ചാനിരക്കുമാണ് പ്രവചിക്കുന്നത്. 9.5 ശതമാനമായി കുറയുമെന്നാണ് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ എസ്&പിയുടെ നിരീക്ഷണം.