ചെന്നൈ: 2021 മെയ് 7ന് 68-ാം വയസിൽ എം.കെ സ്റ്റാലിന്‍ തമിഴ്‌നാടിന്‍റെ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ, രാഷ്‌ട്രീയത്തില്‍ അച്ഛന്‍റെ നിഴലിലായിരുന്ന മകന്‍റെ നേതൃപാടവത്തെ കുറിച്ച് തമിഴ് ജനതയ്ക്ക് സംശയങ്ങള്‍ മാറിയിട്ടുണ്ടായിരുന്നില്ല. കലാനിധിയെ പോലെ വാഗ്മിയല്ല, ജയലളിതയ്ക്കുണ്ടായിരുന്ന പ്രഭാവലയമില്ല. എന്നിട്ടും ഡിഎംകെ തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയിട്ട് നൂറ് ദിനം പിന്നിടുമ്പോള്‍ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം.കെ സ്റ്റാലിന്‍ തമിഴ് മക്കളുടെ മനസില്‍ സ്വന്തം സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
പ്രതിച്ഛായ മാറ്റം
സ്റ്റാലിന് തനതായ ശൈലിയുണ്ട്. കാലത്തിനനുസരിച്ച് രാഷ്ട്രീയ തന്ത്രങ്ങളില്‍ മാറ്റം വരുത്താനുള്ള വിവേകവും. അധികാരമേറ്റയുടന്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഹെല്‍മറ്റും ഡിസൈനര്‍ ഷൂസും ധരിച്ച് രാവിലെ സൈക്കിള്‍ ചവിട്ടുന്ന എം.കെ സ്റ്റാലിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സാധാരണക്കാര്‍ക്കൊപ്പം സൈക്കിളോടിക്കുകയും വഴിയോരത്ത് നിന്ന് ചായ കുടിക്കുകയും ചെയ്യുന്ന നേതാവ് ജനപ്രിയനായ ഭരണകര്‍ത്താവായി പേരെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്ന സ്റ്റാലിന്‍റെ ദൃശ്യങ്ങള്‍ രാഷ്ട്രീയത്തിൽ തൽപ്പരരല്ലാത്ത യുവാക്കളെ ആകർഷിക്കാനും പുതു തലമുറയെ ഒപ്പം നിര്‍ത്താനുമുള്ള തന്ത്രമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. തിരക്കുകള്‍ക്കിടയിലും വ്യായാമവും ചിട്ടയായ ജീവിതരീതിയുമാണ് ഊര്‍ജ്ജസ്വലതയോടെ തുടരാന്‍ തന്നെ സഹായിക്കുന്നതെന്ന് സ്റ്റാലിന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോഗ്യ രംഗത്തിന് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് ഭരണ മികവിലൂടെ അദ്ദേഹം തെളിയിച്ചതാണ്.
നാട് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ കൊടുമുടിയിൽ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി ചുമതലയേറ്റ അദ്ദേഹം വീട്ടിലും ഓഫിസിലും ഒതുങ്ങിയില്ല. പകരം സംസ്ഥാനത്തുടനീളമുള്ള ആശുപത്രികൾ സന്ദർശിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലകളെ തിരിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തി. വീടുകളിലെത്തി ചികിത്സ സൗകര്യം ഉറപ്പ് വരുത്തുന്ന 'മക്കളെയ് തേടി മരുതുവം' എന്ന ആരോഗ്യ പദ്ധതിയ്ക്ക് ഈ മാസമാദ്യം കൃഷ്‌ണഗിരിയിലെ ഹൊസൂറില്‍ തുടക്കം കുറിച്ചു.
അച്ഛന്‍റെ നിഴലില്‍ നിന്ന് ജനപ്രിയ നേതാവിലേക്ക്
സ്റ്റാലിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതല്ല. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രചാരണ കാലഘട്ടം മുതൽ തന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സ്റ്റാലിന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജനങ്ങളിലേക്ക് എത്താൻ അദ്ദേഹം ഏറ്റെടുത്ത ഒരു പ്രചാരണ തന്ത്രമായിരുന്നു 'നമുക്കു നാമേ'. കൃഷിയിടങ്ങളിലും വഴിയോരത്തെ ചായക്കടകളിലും ജനങ്ങളോട് സംസാരിച്ചും വയലുകളിൽ ട്രാക്ടർ ഓടിച്ചും സ്റ്റാലിന്‍ ജന മനസിലേക്ക് തന്‍റേതായ വഴി വെട്ടുകയായിരുന്നു.
അന്ന് എഐഎഡിഎംകെയുടെ പ്രചാരണം ഏറ്റെടുത്ത സ്റ്റാലിന്‍റെ എതിരാളിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയും പ്രതിച്ഛായയുടെ കാര്യത്തില്‍ പിന്നിലായിരുന്നില്ല. കർഷക കുടുംബത്തിൽ നിന്നുള്ള എടപ്പാടി പളനിസ്വാമി സ്വയം കര്‍ഷകനായി അവതരിപ്പിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അതിനെ മറികടന്ന് തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയാകാന്‍ സ്റ്റാലിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് കരുണാനിധി എന്ന അച്ഛന്‍റെ മകനായത് കൊണ്ടല്ല, കഠിനധ്വാനം കൊണ്ട് മാത്രമാണ്. ജനപ്രിയനാകാന്‍ തമിഴ് മക്കളുടെ മനസില്‍ കയറി പറ്റാന്‍ മറ്റൊരു കുറുക്കു വഴിയുമില്ലെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടാകണം.
'സ്റ്റാലിന്‍ പിന്തുടരുന്ന രീതി ജയലളിതയുടേതാണ്. ഒരു ശക്തനായ നേതാവാകാനാണ് സ്റ്റാലിന്‍ ആഗ്രഹിക്കുന്നത്. ആ അർത്ഥത്തിൽ സ്റ്റാലിന്‍ ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാണ്,' ഡിഎംകെയുടെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കച്ചി എംപി തോള്‍ തിരുമാവളവൻ പറയുന്നു. ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേയിൽ 42 ശതമാനം വോട്ടുകളോടെ എം.കെ സ്റ്റാലിനെ രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് അധികാരത്തിലേറി ചെറിയ കാലം കൊണ്ട് അദ്ദേഹം നേടിയ ജനപ്രീതിയുടെ തെളിവല്ലാതെ മറ്റെന്താണ്.
Read more: ജിമ്മില്‍ വര്‍ക്കൗട്ടിനെത്തി സ്റ്റാലിന്‍; വീഡിയോ വൈറല്‍