ഹൈദരാബാദ് : സ്‌കൈ ഡൈവിങ്ങിന്‍റെ സാഹസികത ആസ്വദിക്കാൻ വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇനി വായുവിൽ പറക്കുക എന്ന സ്വപ്‌നം കുറഞ്ഞ ചെലവിൽ ഇന്ത്യയിലും സാധ്യമാക്കാം. 'ഗ്രാവിറ്റി സിപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഇൻഡോർ സ്കൈ ഡൈവിങ് സെന്‍ററാണ് സാഹസികതയുടെ മികച്ച അനുഭവം നിങ്ങൾക്ക് ലഭ്യമാക്കുക. തെലങ്കാനയിലെ ഗണ്ടിപ്പേട്ടിലാണ് ഡൈവിങ് സെന്‍റർ ആരംഭിക്കുന്നത്.
ഹൈദരാബാദ് നിവാസികളായ രമണ റെഡ്ഡി, സുശീൽ റെഡ്ഡി എന്നീ വ്യവസായികളാണ് ഗ്രാവിറ്റി സിപ്പിന്‍റെ അമരക്കാർ. മൂന്നുവർഷത്തെ പരിശ്രമത്തിനൊടുവിലാണ് ഇവർ ഈ കേന്ദ്രം വികസിപ്പിച്ചത്. 6 വയസിന് മുകളിലുള്ള സാഹസിക പ്രേമികൾക്ക് വെറും 2,000-3,000 രൂപയ്ക്ക് വായുവിൽ പറക്കുന്ന അനുഭവം ഇവിടെ നിന്ന് ആസ്വദിക്കാം.
'ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ സ്‌കൈ ഡൈവിങ്ങ് നടത്തിയിരുന്നു. ആ അനുഭവം അയാൾ ഞങ്ങളോട് വിവരിച്ചിരുന്നു. നമ്മുടെ നാട്ടിൽ നിന്ന് ഒരുപാട് പേർ സ്‌കൈ ഡൈവിങ്ങിനായി വിദേശത്തേക്ക് പോകുന്നുണ്ട്. അത് ഇവിടെ കിട്ടിയാൽ നന്നായിരിക്കും എന്ന് ഞങ്ങൾ കരുതി. അങ്ങനെയാണ് ഗ്രാവിറ്റി സിപ്പ് ഉണ്ടായത്' - സുശീൽ റെഡ്ഡി പറഞ്ഞു.
സ്കൈ ഡൈവിങ്ങിനായി ഇവിടെ എത്തുന്നവർക്ക് പ്രത്യേക വസ്ത്രങ്ങളും ഷൂസുകളും ഹെൽമെറ്റും നൽകും. സ്കൈ ഡൈവിങ് പരിശീലിപ്പിക്കാൻ പരിശീലകരും ഉണ്ടാകും. തങ്ങളുടെ പദ്ധതിക്ക് ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും ഇത് വൻ വിജയമായിരിക്കുമെന്നാണ് വിശ്വാസമെന്നും സുശീൽ റെഡ്ഡി കൂട്ടിച്ചേർത്തു.