ന്യൂഡൽഹി: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ഐഎൻഎസ് സുമേധയിൽ ജിദ്ദയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായാണ് അക്രമം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത്. 278 ഇന്ത്യക്കാരുമായാണ് ആദ്യ ബാച്ച് ജിദ്ദയിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ജിദ്ദയിൽ നിന്ന് വിമാന മാർഗമാകും ഇന്ത്യയിലേക്ക് ഇവരെ എത്തിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യൻ സർക്കാർ രണ്ട് സി -130 ജെ സൈനിക വിമാനങ്ങളാണ് ജിദ്ദയിൽ ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്‌ച 500 ഇന്ത്യക്കാരാണ് സുഡാൻ പോർട്ടിൽ എത്തിച്ചേർന്നതെന്നും അവരെ നാട്ടിലേക്ക് എത്തിക്കാൻ സർക്കാരിന്‍റെ കപ്പലുകളും വിമാനങ്ങളും സജ്ജമാണെന്നും അവരെ സഹായിക്കാൻ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തിരുന്നു.
സുഡാനിലെ സുരക്ഷാസ്ഥിതി അസ്ഥിരമായാണ് തുടരുന്നത്. സുഡാൻ തലസ്ഥാന നഗരമായ കാർട്ടൂമിലെ വിവിധ സ്ഥലങ്ങളിൽ രൂക്ഷമായ പോരാട്ടങ്ങൾ നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
സുഡാനീസ് അധികാരികൾ, യുഎൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്‌റ്റ്, യുഎസ് എന്നിവരുമായി സുഡാനിലെ ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പെട്ടെന്നുള്ള പലായനം നടപ്പാക്കാൻ ഇന്ത്യൻ സർക്കാർ ഒന്നിലധികം മാർഗങ്ങളിൽ ശ്രമിക്കുകയാണ്. നിലവിൽ വിദേശ വിമാനങ്ങൾക്ക് സുഡാനീസ് വ്യോമാതിർത്തിലേക്ക് കടക്കാൻ സാധിക്കില്ല. റോഡ് മാർഗത്തിൽ അപകട സാധ്യതയും കൂടുതലാണ്.