ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് 2020-21 സാമ്പത്തിക സര്‍വേ ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. സര്‍വേയുടെ അവതരണത്തിന് ശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കെ വി സുബ്രഹ്മണ്യന്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാധ്യമങ്ങളെ കാണുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കുന്ന ഈ വര്‍ഷത്തെ ബജറ്റിന്‍റെ സ്വഭാവം സാമ്പത്തിക സര്‍വേയുടെ അവതരണത്തില്‍ പ്രതിഫലിക്കും. 2020-21 വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്‍റെ അവലോകനം അവതരിപ്പിക്കുന്ന സര്‍വേ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അവതരിപ്പിക്കും.
സിഇഎയുടെ നേതൃത്വത്തില്‍ സാമ്പത്തികകാര്യ വകുപ്പാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍നിന്ന് രാജ്യം കരകയറുന്ന സാഹചര്യത്തിലെ ആദ്യ സാമ്പത്തിക സര്‍വേയാണിത്.
സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയാകും ബജറ്റിലെ പ്രധാന ലക്ഷ്യം. കേന്ദ്ര ബജറ്റ് 2021 ലോക്സഭാ ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യും. പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് സംയുക്തമായി നടത്തിയ പ്രസംഗത്തോടെ ബജറ്റ് സെഷൻ ഇന്ന് ആരംഭിക്കും. സെഷന്‍റെ ആദ്യ ഭാഗം ഫെബ്രുവരി 15 വരെ തുടരും. സെഷന്‍റെ രണ്ടാം ഭാഗം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെ നടക്കും.
രാജ്യസഭ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ലോക്സഭ നാല് മുതലും നടക്കും.