ഹൈദരാബാദ്: അയ്യപ്പ പടിപൂജക്ക് പോയ ഭക്തര്‍ സഞ്ചരിച്ച ട്രാക്‌ടറില്‍ ലോറി ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. സൂര്യപേട്ട് ജില്ലയിലെ മുനഗലക്ക് സമീപമാണ് സംഭവം. സമീപത്തെ അയ്യപ്പ ക്ഷേത്രത്തില്‍ ശനിയാഴ്‌ച രാത്രി നടന്ന മഹാപടി പൂജയില്‍ പങ്കെടുക്കാനെത്തിയ മുനഗല സ്വദേശികളാണ് ട്രാക്‌ടറില്‍ ഉണ്ടായിരുന്നത്.
പൂജ കഴിഞ്ഞ് മടങ്ങവെ ട്രാക്‌ടറില്‍ ഹൈദരാബാദിൽ നിന്ന് വിജയവാഡയിലേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഉദയ് ലോകേഷ്, തണ്ണീരു പ്രമീള, ഗണ്ഡു ജ്യോതി, ചിന്തകായല പ്രമീള, കോട്ടയ്യ എന്നിവരാണ് മരിച്ചത്. അഞ്ചുപേരും സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.
38 പേരാണ് ട്രാക്‌ടറില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ടവര്‍ ഖമ്മം, സൂര്യപേട്ട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ബഹളം കേട്ടാണ് അപകട സ്ഥലത്തേക്ക് എത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയിലാണ്.