ന്യൂഡൽഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്തിപ്രാപിക്കുന്നു. ട്രെയിൻ തടഞ്ഞ് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു. ഡിസംബര്‍ പത്തിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി തന്നില്ലെങ്കില്‍ ട്രെയിനുകള്‍ തടയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ആ പ്രഖ്യാപനം നടപ്പിലാക്കാൻ പോവുകയാണ്. ഇന്നത്തെ യോഗത്തില്‍ അത് സംബന്ധിച്ച് തീരുമാനമെടുത്തതായി പഞ്ചാബിലെ കർഷക നേതാവ് ബൂട്ടാ സിംഗ് പറഞ്ഞു.
കൃഷി പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും അത്തരം നിയമങ്ങൾ നിർമിക്കാൻ കേന്ദ്രത്തിന് അവകാശമില്ലെന്നും സിംഗു അതിർത്തിയിൽ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ കർഷക നേതാക്കൾ പറഞ്ഞു. മറുവശത്ത് നിയമം റദ്ദാക്കാൻ പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. നിയമത്തെ പൂർണമായും ഇല്ലാതാക്കാൻ കഴിയില്ലെന്നും കർഷകരെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിയമം പൂര്‍ണമായി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നയം.