ചന്ദ്രപൂർ : കാര്‍ഷിക ഇന്ത്യയില്‍ (Agriculture in india), കര്‍ഷകര്‍ ജീവനൊടുക്കുന്ന (Farmers suicides in india) സംഭവങ്ങള്‍ തുടര്‍ക്കഥയാണ്. നഷ്‌ടം വരുന്നതും കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ജീവിതം കരുപ്പിടിപ്പിക്കാനാവാതെ, വിളകൊയ്യേണ്ട ഭൂമികയില്‍ നിന്ന് ശ്‌മശാന പറമ്പുകളിലെ ആറടി മണ്ണില്‍ ഒടുങ്ങേണ്ടിവരുന്ന ദുരവസ്ഥയാണ് മണ്ണിന്‍റെ മക്കളുടേത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ മഹാരാഷ്‌ട്ര ചന്ദ്രപൂർ ജില്ലയിൽ (Chandrapur District in Maharashtra) മാത്രം 73 കർഷകരാണ് ആത്മാഹുതി ചെയ്‌തതെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത് (Farmers Suicide In Chandrapur) .
ജൂലൈ മാസം മാത്രം 13 പേരാണ് ജീവനൊടുക്കിയതെന്ന് ജില്ല ഭരണകൂടത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 2001 മുതൽ 2023 വരെ 1,148 കർഷകരാണ് ഈ ജില്ലയിൽ മാത്രം ജീവിതം മതിയാക്കിയത്. അഞ്ച് വർഷത്തെ കണക്കെടുത്താല്‍ അത് 446 എന്ന വലിയ സംഖ്യയില്‍ എത്തും. 2001നും 2022നും ഇടയിൽ ആത്മഹത്യ ചെയ്‌ത 745 കർഷകര്‍ സർക്കാർ നഷ്‌ടപരിഹാരത്തിന് അർഹരാണെന്നും എന്നാല്‍ 329 പേര്‍ അനര്‍ഹരാണെന്നുമാണ് ജില്ല ഭരണകൂടത്തിന്‍റെ വാദം. ജില്ല കലക്‌ടര്‍, ജില്ല പരിഷത്ത് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ, പൊലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന സമിതിയാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
നഷ്‌ടപരിഹാരം രണ്ട് പതിറ്റാണ്ട് മുന്‍പുള്ള മാനദണ്ഡത്തില്‍ : മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് ജില്ല ഭരണകൂടം സർക്കാരിന് നിർദേശം നല്‍കിയിരുന്നു. എന്നാല്‍, 2022 ഡിസംബർ മുതലുള്ള 48 കേസുകൾ തീർപ്പാക്കാനായില്ലെന്നാണ് ഔദ്യോഗിക കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. 'ആത്മഹത്യ ചെയ്‌ത കർഷകരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്‌ടപരിഹാരം നല്‍കാറുള്ളത്. ഇത് സംബന്ധിച്ച് 2006ൽ പുതുക്കിയ മാർഗനിർദേശങ്ങളാണ് ഞങ്ങൾ പിന്തുടരുന്നത്' - ജില്ല കലക്‌ടറേറ്റ് മുതിർന്ന ഉദ്യോഗസ്ഥൻ പ്രമുഖ ദേശീയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
കർഷക ആത്മഹത്യകളില്‍ സർക്കാർ, നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചാണ് കുടുംബങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം നൽകുന്നത്. വിളനാശം, ദേശസാത്‌കൃത ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നുമുള്ള വായ്‌പ തിരിച്ചടയ്ക്കുന്നതിൽ വന്ന വീഴ്‌ച തുടങ്ങിയ കാരണങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയില്‍ ബന്ധുക്കൾക്ക് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും. അതിൽ 30,000 രൂപ മാത്രമാണ് ആദ്യഘട്ടത്തില്‍ നല്‍കുക. 2006ൽ പുറപ്പെടുവിച്ച സർക്കാർ പ്രമേയം അനുസരിച്ച് ബാക്കി 70,000 രൂപ കുടുംബാംഗത്തിന്‍റെ അക്കൗണ്ടിലേക്ക് അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കും. ലക്ഷക്കണക്കിന് രൂപ കടം വന്ന് ജീവനൊടുക്കുന്നവരുടെ കുടുംബത്തിന് വലിയ ബാധ്യത ഉണ്ടാവുമെന്നിരിക്കെ 17 വര്‍ഷം മുന്‍പുള്ള നിര്‍ദേശകതത്വങ്ങള്‍ വച്ചാണ് സര്‍ക്കാര്‍ നഷ്‌ടപരിഹാരം നിശ്ചയിക്കുന്നത്.
തീരാക്കണ്ണീരായി പ്രളയം: ഈ വർഷം ജൂൺ - ജൂലൈ മാസങ്ങളിലുണ്ടായ പ്രളയത്തില്‍ ജില്ലയിലെ 64,379 കർഷകരുടെ 54,514.65 ഹെക്‌ടര്‍ വിളകളാണ് നശിച്ചത്. സംസ്ഥാന കൃഷി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഈ കണക്ക് ദേശീയ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയത്. ജില്ലയിൽ ആകെ 852 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചത്. അതില്‍ തന്നെ 12,571 ഹെക്‌ടര്‍ കൃഷി ഭൂമിയില്‍ വലിയ തോതില്‍ വിളനാശം സംഭവിച്ചു. ഇതുമായി ബന്ധപ്പെട്ട് ചന്ദ്രപൂര്‍ ജില്ലയില്‍ മാത്രം 44.63 കോടി രൂപ നഷ്‌ടപരിഹാരം നൽകാനുള്ള നിർദേശം അധികൃതര്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ചിട്ടുണ്ട്. ജില്ലയിൽ പ്രധാനമന്ത്രി ഫസൽ ബിമ യോജന (പിഎംഎഫ്ബിവൈ) പ്രകാരം വായ്‌പയെടുത്ത 50,890 കർഷകരും 3,00,201 വായ്‌പയെടുക്കാത്ത കർഷകരും ഉൾപ്പടെ 3,51,091 പേര്‍ ഒരു രൂപ (പ്രീമിയം) വിള ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.