ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരായ 'ഡൽഹി ചലോ' പ്രതിഷേധം ഏഴാം ദിവസത്തിൽ. അതിർത്തി പ്രദേശങ്ങൾക്ക് പുറമെ ഡൽഹിയിലെ പ്രാന്തപ്രദേശത്തുള്ള ബുറാരിയിലെ സന്ത് നിരങ്കരി സമാഗം മൈതാനത്തും കർഷകർ പ്രകടനം നടത്തി. ഇന്നലെ രാത്രി കർഷകരുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ യോഗം ചേർന്നിരുന്നു. കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കമ്മിറ്റി രൂപീകരിക്കാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും കർഷകർ അത് നിരസിച്ചു.
യോഗത്തിന് ശേഷം ഡിസംബർ മൂന്നിന് വീണ്ടും ചർച്ച നടത്തുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു.
അതേസമയം ഇന്ന് കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കര്‍ഷക സംഘടനകള്‍ യോഗം ചേരും. സിംഗു അതിര്‍ത്തിയിലെ പ്രക്ഷോഭ സ്ഥലത്താണ് ചര്‍ച്ച. നിയമങ്ങളിലെ പ്രശ്‌നങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
കൂടാതെ കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ പൊലീസ് അടച്ചു. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്. ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികളും അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു.