ലക്‌നൗ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ബിജെപിയുടെ 'ട്രിപ്പിൾ എഞ്ചിൻ' സർക്കാർ അധികാരത്തിൽ തുടരുന്നിടത്തോളം കര്‍ഷകര്‍ക്ക് നീതി ലഭിയ്ക്കില്ലെന്ന് സമാജാവാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കാറിടിച്ച് കൊന്ന ആശിഷ് മിശ്രയുടെ പിതാവും കേന്ദ്ര മന്ത്രിയുമായ അജയ് മിശ്രയെയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒപ്പം അഖിലേഷ് യാദവ് വിമര്‍ശിച്ചു.
'കര്‍ഷകരാണ് നമ്മുടെ നട്ടെല്ല്. അവരാണ് നമ്മുടെ അന്നദാതാക്കള്‍. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അവരെ ചതിയ്ക്കുകയാണ്, അവരോട് അനീതി കാണിയ്ക്കുകയാണ്,' അഖിലേഷ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്‌കര്‍നഗര്‍ ജില്ലയിലെ ജനദേശ് മഹാറാലിയിലായിരുന്നു സമാജ്‌വാദി പാർട്ടി നേതാവിന്‍റെ പ്രതികരണം.
സംസ്ഥാനത്ത് വരാനിരിയ്ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. 'ജനാധിപത്യത്തേയും ഭരണഘടനയേയും രക്ഷിയ്ക്കാനുള്ള തെരഞ്ഞെടുപ്പാണിത്,' അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് പെട്രോൾ, ഡീസൽ വിലകൾ കുറച്ചതെന്നും യുപി നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇന്ധനവില ഇനിയും കുറയുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
Also read: ലഖിംപൂർ ഖേരി അക്രമം; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേഷ് യാദവ്