ചണ്ഡിഗഡ് : കർണലിൽ കർഷക പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ.
സമാധാനപരമായി പ്രതിഷേധിക്കുമെന്ന് കർഷകർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പൊലീസിന് നേരെ കല്ലെറിയുകയും വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായതെന്നുമാണ് വിശദീകരണം.
സംഘർഷത്തിൽ പത്തോളം കർഷകർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. കർണലിൽ ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധമറിയിക്കാനായിരുന്നു കർഷകരുടെ നീക്കം.
പ്രതിഷേധം സമാധാനപരമായി നടത്തേണ്ടിയിരുന്നുവെന്നും അത്തരത്തിലുള്ള സമരമുറകളെ ആരും എതിർക്കുന്നില്ല.
പൊലീസിന് നേരെ അക്രമമുണ്ടായാൽ ക്രമസമാധാനം നിലനിർത്താനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'പൊലീസിന് നേരെ കല്ലേറ് നടന്നു'
ബിജെപിയുടെ സംസ്ഥാന സമിതി യോഗമാണ് കർണലിൽ ചേരുന്നത്. യോഗത്തിന് എതിരായ കർഷകരുടെ നീക്കത്തെ അപലപിക്കുന്നുവെന്നും ഖട്ടർ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ നാല് കർഷകർക്ക് മാത്രമാണ് പരിക്കേറ്റതെന്നും അതേസമയം പത്ത് പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടെന്നും എ.ഡി.ജി.പി നവ്‌ദീപ് സിങ് വിർക് പറയുന്നു. പൊലീസിന് നേരെ കർഷകർ കല്ലേറ് നടത്തിയെന്നും നവ്‌ദീപ് ആരോപിച്ചിരുന്നു.
പൊലീസ് നടപടിയെ അപലപിച്ച് രാകേഷ് ടിക്കായത്ത്
കർണലിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കർഷകരെ സന്ദർശിച്ച ബികെയു നേതാവ് രാകേഷ് ടിക്കായത്ത്, പൊലീസിന്‍റെ ക്രൂരമായ ലാത്തിച്ചാര്‍ജിനെ അപലപിച്ചു.
ഇതിനുപിന്നിൽ കർഷകരെ ക്രൂരമായി മർദിക്കുകയെന്ന ലക്ഷ്യമായിരുന്നുവെന്നും ഗൂഢാലോചനയുണ്ടെന്നും ടിക്കായത്ത് ആരോപിച്ചു.
ദേശീയപാതയില്‍ ഗതാഗതം തടഞ്ഞതിനെ തുടർന്ന് ചെറിയ രീതിയിലുള്ള നടപടികള്‍ മാത്രമാണ് കർഷകർക്ക് എതിരെ പ്രയോഗിച്ചതെന്നും പൊലീസിന് നേരെ കല്ലേറുണ്ടായെന്നും കർണൽ ഐജി മംമ്‌ത സിങ്ങും അവകാശപ്പെട്ടിരുന്നു.