മുംബൈ : മഹാരാഷ്‌ട്രയിൽ 400 കിലോ തക്കാളി മോഷണം പോയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച് കർഷകൻ. പൂനെ സ്വദേശിയായ അരുൺ ധോം ആണ് പൊലീസിൽ പരാതി നൽകിയത്. ഏകദേശം 20,000 രൂപയുടെ തക്കാളി മോഷണം പോയെന്നാണ് കർഷകൻ ആരോപിക്കുന്നത്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി രാജ്യത്ത് തക്കാളി വില കുതിച്ചുയർന്നിരുന്നു. പല സംസ്ഥാനങ്ങളിലും 100 മുതൽ 200 രൂപ വരെ ഉയർന്നു. കർഷകർക്ക് വില വർധനവ് ഏറെ ആശ്വാസം നൽകിയിരുന്നെങ്കിലും സാധാരണക്കാരുടെ അടുക്കളകളിൽ നിന്നും ഇതോടെ തക്കാളി അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു.
ഞായറാഴ്‌ചയാണ് പരാതിക്കാരനായ അരുൺ തോട്ടത്തിൽ നിന്നും തൊഴിലാളികളുടെ സഹായത്തോടെ പച്ചക്കറി വിളവെടുത്ത് വാഹനത്തിൽ കയറ്റി തന്‍റെ ഷിരൂർ തഹസിലിലുള്ള വീട്ടിലെത്തിച്ചത്. ശേഷം വിപണിയിൽ വിൽക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ തിങ്കളാഴ്‌ച രാവിലെ നോക്കിയപ്പോൾ 400 കിലോഗ്രാം തൂക്കമുള്ള തക്കാളിയുടെ 20 പെട്ടികൾ നഷ്‌ടപ്പെട്ടതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു.
തക്കാളി മോഷ്‌ടിക്കപ്പെട്ടതാണെന്ന് മനസിലാക്കിയ കർഷകൻ ഷിരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്. തക്കാളി വില കുത്തനെ ഉയർന്നതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മോഷണം റിപ്പോർട്ട് ചെയ്‌തിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് തക്കാളി വില ഉയരാൻ പ്രധാന കാരണങ്ങളിലൊന്ന്. ചൂട് കൂടിയതും നിർത്താതെ പെയ്‌ത മഴയുമെല്ലാം കൃഷി നാശത്തിന് കാരണമായിരുന്നു.
കഴിഞ്ഞ ദിവസം പൂനെയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന 18,000 പെട്ടി തക്കാളി വിറ്റ് കോടീശ്വരനായതിന് ദേശീയ തലക്കെട്ടുകളിൽ കര്‍ഷകന്‍ ഇടം നേടിയിരുന്നു.
Also Read : തക്കാളി വിറ്റ പണം തട്ടിയെടുക്കാന്‍ കര്‍ഷകനെ കൊലപ്പെടുത്തി ; പ്രതികളെ തെരഞ്ഞ് പൊലീസ്
തക്കാളിക്ക് സബ്‌സിഡി നൽകി കേന്ദ്രം : വിഷയം സാധാരണക്കാരെ കാര്യമായി ബാധിക്കാൻ തുടങ്ങിയതോടെ കേന്ദ്ര സർക്കാർ തക്കാളി വിലയിൽ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. കിലോയ്‌ക്ക് 80 രൂപയിൽ നിന്നും 70 രൂപയാക്കി സബ്‌സിഡി നിരക്കിൽ നൽകാൻ സഹകരണ സ്ഥാപനങ്ങളായ നാഫെഡിനും എൻസിസിഎഫിനും ഉപഭോക്തൃ വകുപ്പ് നിര്‍ദേശം നല്‍കി. ജൂലൈ 16 ന് 90 രൂപയായിരുന്ന തക്കാളി വില കേന്ദ്ര സർക്കാർ 80 രൂപയാക്കി കുറച്ചിരുന്നു. ശേഷമാണ് ജൂലൈ 20 ന് വീണ്ടും വില കുറച്ചത്. തെരഞ്ഞെടുത്ത നഗരങ്ങളിലാണ് നിലവിൽ സബ്‌സിഡി നിരക്കിൽ നൽകുന്നത്. കൂടുതൽ നഗരങ്ങളിലേയ്‌ക്ക് ഇത് പിന്നീട് വ്യാപിപ്പിക്കും.
Also Read : തക്കാളി വിലയില്‍ കേന്ദ്രത്തിന്‍റെ ഇടപെടല്‍: കിലോയ്ക്ക് 70 രൂപ നിരക്കില്‍ നല്‍കാൻ നിർദേശം