ന്യൂഡൽഹി: പുതുക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമായിരിക്കെ ജൂലൈ 22ന് 200പേരെ ഉൾപ്പെടുത്തി പാർലമെന്‍റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ഭാരതിയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചർച്ച നടത്താൻ കർഷകർ തയാറാണ്. എന്നാൽ ചർച്ചയിൽ കർഷകർക്ക് അനുകൂലഫലം ഉണ്ടായില്ലെങ്കിൽ ജൂലൈ 22ന് പാർലമെന്‍റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ടികായത്ത് വ്യക്തമാക്കി. കർഷകരുമായി ചർച്ചയ്‌ക്ക് സമ്മതമാണെന്ന കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിങ് തോമാറിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തെ വെല്ലുവിളിച്ച് ടികായത്ത്
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച അദ്ദേഹം കാർഷിക നിയമങ്ങൾ സംബന്ധിച്ച വിഷയം ഐക്യരാഷ്ട്രസഭയിലേക്കെത്തിക്കുമെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് പ്രതികരിച്ചു. നിഷ്‌പക്ഷമായ അന്വേഷണം നടത്താൻ ഏതെങ്കിലും ഏജൻസി ഇവിടെ ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇല്ലെങ്കിൽ വിഷയം യുഎന്നിൽ അവതരിപ്പിക്കുന്നതിൽ പ്രശ്‌നമില്ലെന്നും ടികായത്ത് വ്യക്തമാക്കി.
Read more: ചെങ്കോട്ട സംഘര്‍ഷം; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതിഷേധിക്കുന്ന കർഷകർ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് നടത്തിയ ട്രാക്‌ടർ റാലിക്കിടെ നിരവധി ആക്രമണ സംഭവങ്ങളാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും നടന്നത്. പലയിടത്തും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം നടന്നു. ചിലർ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറുകയും അവിടെയുണ്ടായിരുന്ന പതാകകൾ അഴിച്ചുമാറ്റുകയും ചെയ്‌തിരുന്നു.