വാറങ്കൽ: യാതൊരു യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ഇല്ലാതെ 43000ത്തിലധികം പേര്‍ക്ക് ചികിത്സ നല്‍കിയ ഡോക്‌ടറും സഹായിയും പിടിയില്‍. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. വാറങ്കൽ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
നാല് വര്‍ഷമായി രോഗികകളെ ചികിത്സിച്ചു വരികയായിരുന്നു ഇയാള്‍. ഒരു ദിവസം 30 മുതല്‍ 40 രോഗികള്‍ക്ക് ഇയാള്‍ ചികിത്സ നല്‍കും. ഫാര്‍മസി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന വാറങ്കൽ സ്വദേശി മുജ്‌താബ അഹമ്മദ് പണം ഇല്ലാതിരുന്നതിനാലാണ് വ്യാജ ഡോക്‌ടറായി ചമഞ്ഞ് ചികിത്സ നന്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ദേമരകൊണ്ട സന്തോഷ് എന്ന സഹായിയെയും പൊലീസ് പിടികൂടി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: എയിംസില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി എന്ന തരത്തില്‍ ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി. വാറാങ്കല്‍ ചിന്തല്‍ പ്രദേശത്ത് ഇയാള്‍ ഹെല്‍ത്ത് കെയര്‍ ഫാര്‍മസി എന്ന പേരില്‍ ആശുപത്രി ആരംഭിച്ചു. താന്‍ വ്യാജ ഡോക്‌ടറല്ല എന്ന് ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ കയ്യില്‍ നിന്നും വലിയ തുക ഈടാക്കിയിരുന്നു.
ആവശ്യമില്ലെങ്കിലും, രോഗികളോട് ലാബ് പരിശോധനകൾ നടത്താനും മരുന്ന് കഴിക്കാനും ഇയാള്‍ നിര്‍ദ്ദേശിക്കും. ചെറിയ രോഗമുള്ളവരെ പോലും മാരകരോഗമാണെന്ന് പറഞ്ഞ് ഭീതിപ്പെടുത്തി വലിയ ആശുപത്രികളിലേക്ക് പറഞ്ഞയച്ച് പ്രതിഫലം കൈപറ്റും. വ്യാജ ഡോക്‌ടറെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അന്വേഷണ സംഘം ആശുപത്രിയില്‍ പരിശോധന നടത്തി.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം 1.90 ലക്ഷം രൂപയും, ലാപ്‌ടോപ്പും, മൂന്ന് മൊബൈല്‍ ഫോണുകളും, ലാബ് ഉപകരണങ്ങളും കണ്ടെെടുക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു അറസ്റ്റ്.