ന്യൂഡൽഹി : സ്‌പൈസ്ജെറ്റ് വിമാനത്തില്‍ ബോംബെന്ന് വ്യാജ ഭീഷണി സന്ദേശം നല്‍കിയ യുവാവ് പിടിയിൽ. ട്രെയിനി ടിക്കറ്റിംഗ് ഏജന്‍റായ അഭിനവ് പ്രകാശാണ് (24) വ്യാജ ബോംബ് ഭീഷണി സന്ദേശത്തിലൂടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തിയത്. ഗുരുഗ്രാമിൽ ബ്രിട്ടീഷ് എയർവേയ്‌സിന്‍റെ ട്രെയിനി ടിക്കറ്റിംഗ് ഏജന്‍റായി ജോലി ചെയ്‌തുവരികയാണ് അഭിനവ്.
എന്നാൽ, ചോദ്യം ചെയ്യലിൽ അഭിനവ് പറഞ്ഞ മറുപടി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. തന്‍റെ കൂട്ടുകാർക്ക് അവരുടെ പെൺസുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നതിനായാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് അഭിനവ് പറഞ്ഞു. സുഹൃത്തുക്കളായ രാകേഷും കുനാൽ ഷെറാവത്തും അടുത്തിടെ മണാലിയിൽ പോയിരുന്നു. അവിടെ വച്ച് രണ്ട് പെൺകുട്ടികളുമായി സൗഹൃദത്തിലായി. തുടർന്ന് പെൺകുട്ടികൾ ഡൽഹിയിൽ നിന്നും പൂനെയിലേക്ക് പോകാനിരിക്കുകയായിരുന്നു.
എന്നാൽ, പെൺസുഹൃത്തുക്കളുമായി കുറച്ച് സമയം ചെലവഴിക്കണമെന്നും ഇവർ പൂനെയിലേക്ക് പോകുന്ന വിമാനം വൈകിപ്പിക്കണമെന്നും കൂട്ടുകാർ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ഈ കടുംകൈ ചെയ്‌തതെന്ന് അഭിനവ് പൊലീസിനോട് പറഞ്ഞു. ബോംബ് ഭീഷണി മുഴക്കിയാൽ വിമാനം റദ്ദാക്കുമെന്നായിരുന്നു മൂവരുടെയും പ്രതീക്ഷ. അഭിനവിനോടൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്.
വ്യാഴാഴ്‌ച വൈകിട്ട് 6.30നാണ് ഡൽഹിയിൽ നിന്നും പൂനെയിലേക്ക് വിമാനം പുറപ്പെടാൻ ഇരുന്നത്. എന്നാൽ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് വിമാനം മണിക്കൂറുകൾ വൈകി. വിമാനത്തിലുണ്ടായിരുന്ന 182 യാത്രക്കാരെയും കാബിൻ ക്രൂവിലുള്ളവരെയും അവരുടെ ലഗേജുകളും വിമാനവും പൂർണമായി പരിശോധിച്ച ശേഷമാണ് സർവീസ് നടത്തിയത്.