ചെന്നൈ: നീറ്റ് പരീക്ഷ പാസാകാത്തതിൽ മനംനൊന്ത് മകനും പിതാവും ജീവനൊടുക്കി. ചെന്നൈ, ക്രോംപേട്ട് സ്വദേശിയായ എസ്. ജഗദീശ്വരൻ, പിതാവ് സെൽവശേഖർ എന്നിവരാണ് ആത്മഹത്യ ചെയ്‌തത്. തുടർച്ചയായ രണ്ടാം തവണയും നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട ജഗദീശ്വരനെ കഴിഞ്ഞ ശനിയാഴ്‌ചയാണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
മകന്‍റെ മരണത്തിൽ മാനസികമായി തളർന്ന പിതാവ് സെൽവശേഖറിനെ, ഇന്ന് രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവശേഖർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളെ കണ്ടശേഷമാണ് പിതാവ് ജീവനൊടുക്കിയത്.
നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്‌ത്തിയ സംഭവത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തുകയും വിദ്യാർഥികളോട് അഭ്യർത്ഥന പങ്കുവെക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ വാക്കുകൾ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പലരുടെയും നിരാശയെ പ്രതിധ്വനിപ്പിക്കുന്നതായിരുന്നു. വിദ്യാഭ്യാസ രംഗത്ത് ഒരു മാറ്റം ഉറപ്പുനൽകിയ അദ്ദേഹം യുവസമൂഹം നേരിടുന്ന പ്രശ്‌നങ്ങളിൽ സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്‌തു.
ഗവർണർ ആർ.എൻ രവിക്കെതിരെ സ്റ്റാലിൻ ; ഗവർണർ ആർ.എൻ രവിയുടെ ഹൃദയം പാറക്കല്ല് പോലെയാണെന്നും എത്ര ജീവൻ നഷ്‌ടമായാലും ദയവ് തോന്നില്ല. ഇത്തരം ശിലാഹൃദയൻമാരുടെ കാലത്ത് മനുഷ്യജീവന് ഒരു വിലയുമില്ലെന്നും ഗവർണർക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. നീറ്റിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനായി തമിഴ്‌നാട് സർക്കാർ കൊണ്ടുവന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നീറ്റ് പരീക്ഷ പാസാകാത്തതിൽ മനംനൊന്ത് പിതാവും മകനും ജീവനൊടുക്കിയ്. ഈ സാഹചര്യത്തിലാണ് സ്റ്റാലിൻ ഗവർണർക്കെതിരെ രൂക്ഷമായ പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
വിദ്യാർഥി ജഗദീശ്വരന്‍റെയും പിതാവ് സെൽവശേഖറിന്‍റെയും വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തിയ സ്റ്റാലിൻ നീറ്റ് വിഷയത്തിൽ ഇനിയൊരും ജീവൻ നഷ്‌ടമാകാതിരിക്കട്ടെ എന്നും പറഞ്ഞു. നന്നായി പഠിക്കുന്ന മകനെ ഒരു ഡോക്‌ടറായി കാണാൻ അവന്‍റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ നീറ്റ് പരീക്ഷയുടെ ഇരകളുടെ പട്ടികയിൽ അവനും ഉൾപ്പെട്ടുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത ഉണ്ടാകരുതെന്നും ജീവിതത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നിങ്ങളുടെ വളർച്ചയ്ക്ക് തടസമായ നീറ്റ് റദ്ദാക്കുന്നതിനായി നിയമപരമായ എല്ലാ കാര്യങ്ങളിലും സംസ്ഥാന സർക്കാർ മുൻകയ്യെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട ബില്ല് രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു.
നീറ്റ് പരീക്ഷ ചെലവേറിയതായി മാറി. വലിയ തുക ഫീസ് നൽകാൻ കഴിയുന്നവർക്ക് മാത്രമുള്ളതായി നീറ്റ് മാറിയിരിക്കുന്നു. ഇത്തരത്തിൽ വലിയ തുക മുടക്കി പഠിക്കാൻ കഴിയാത്തവർ പരീക്ഷയിൽ പരാജയപ്പെടുകയാണ്. മെഡിക്കൽ വിദ്യഭ്യാസം പണക്കാർക്ക് മാത്രമുള്ളതായി മാറിയിരിക്കുന്നു. ഈ നിയന്ത്രണങ്ങൾ മറികടക്കുന്നതിനായാണ് സർക്കാർ ബില്ല് കൊണ്ടുവന്നത്.
മെഡിക്കൽ കോളജ് സീറ്റുകളിൽ 7.5 ശതമാനം സംവരണം സംസ്ഥാന സർക്കാർ കൊണ്ടുവന്നു. പക്ഷെ ഗവർണർ കാര്യങ്ങളുടെ ഗൗരവം മനസിലാക്കുന്നില്ലെന്നും അദ്ദേഹം കോച്ചിങ് സെന്‍ററുകളുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണെന്ന് സംശയമുള്ളതായും സ്റ്റാലിൻ ആരോപിച്ചു.