ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ സത്യവാങ്മൂലം.
രാജ്യത്ത് ഇതുവരെ 4 ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. സാമ്പത്തിക പരിമിതികളുള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് പണം നല്‍കുക അസാധ്യമാണ്.
ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള തുക ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ചെലവിടണമെന്നാണ് നിയമം വ്യക്തമാക്കുന്നതെന്നും കേന്ദ്രം വിശദീകരിക്കുന്നു.
ALSO READ: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോടകം കൊവിഡിനെ നേരിടാൻ വലിയ തുക ചെലവഴിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാടറിയിച്ചത്.