ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര ഉടനെ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. തന്‍റെ കുടുംബവുമായി ചര്‍ച്ചചെയ്തതിന് ശേഷം രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. തന്‍റെ സ്വദേശമായ ഉത്തര്‍പ്രദേശിലെ മൊറാദബാദ് ലോക്‌സഭ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ പല പാര്‍ട്ടികളില്‍ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായി ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഷ്ട്രീയ പ്രവേശനമാണ് ഒരു പക്ഷെ ഏക മാര്‍ഗമെന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു. തന്‍റെ കുടുംബ വേരുകളും ബിസിനസുമുള്ള മൊറാദാബാദ് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ഥിയാവാനാണ് താല്‍പ്പര്യമെന്ന സൂചനയാണ് റോബര്‍ട്ട് വാദ്ര നല്‍കുന്നത്. നെഹ്റു ഗാന്ധി കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചതുകൊണ്ട് മാത്രം കഴിഞ്ഞ 10 വര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണെന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു.
ബിജെപി മാത്രമല്ല ആം ആദ്‌മി പോലുള്ള പാര്‍ട്ടികളും തന്നെ വേട്ടയാടിയിട്ടുണ്ടെന്ന് റോബര്‍ട്ട് വാദ്ര വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി തന്നെ ഭീഷണിപ്പെടുത്തുകയാണ്. ബിജെപിക്കെതിരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചും കേന്ദ്ര ഏജന്‍സികളെ കൊണ്ട് നോട്ടീസ് അയപ്പിച്ചും അവര്‍ അവയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ശക്തമായി മറുപടി പറയാന്‍ പാര്‍ലമെന്‍റാണ് നല്ലവേദി എന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു. താനെന്ന വ്യവസായിയും, രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലെ അംഗ എന്നുള്ള തന്‍റ അസ്തിത്വവും വേര്‍തിരിച്ച് കാണാന്‍ ബിജെപി തയ്യാറാവാത്തിടത്തോളം തനിക്കെതിരായ ആരോപണങ്ങളെ നിയമപരമായി മാത്രം നേരിടുന്നത് പര്യാപ്തമല്ലെന്നാണ് അദ്ദേഹം പറയുന്നത് .
താന്‍ ഇപ്പോള്‍ തന്നെ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ചെയ്യാന്‍ രാഷട്രീയ പ്രവേശനം സഹായിക്കുമെന്നും റോബര്‍ട്ട് വാദ്ര പറഞ്ഞു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് പ്രധാന്യം നല്‍കിയതില്‍ പ്രിയങ്കാഗാന്ധിയെ റോബര്‍ട്ട് വാദ്ര അഭിനന്ദിച്ചു.
യുക്രൈനില്‍ കുടുങ്ങികിടന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അലംബാവം കാട്ടി എന്ന് റോബര്‍ട്ട് വാദ്ര ആരോപിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും വിശ്വാസത്തിലെടുക്കുകയും യുക്രൈനിലെ സാഹചര്യം അവരെ ധരിപ്പിക്കുകയും ചെയ്യണമായിരുന്നുവെന്ന് റോബര്‍ട്ട് വാദ്ര പറഞ്ഞു.
ALSO READ: "സുധാകരന്‍റെ ജീവൻ സിപിഎമ്മിന്‍റെ ഭിക്ഷ", വിവാദ പ്രസ്‌താവനയുമായി സി.വി വർഗീസ്