വാഷിങ്ടണ്‍: 2047 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്ത് ബാലവേല ഇല്ലാതായി അവസാന കുട്ടിയും സ്വതന്ത്രനും വിദ്യാഭ്യാസമുള്ളവനുമായി മാറുമെന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി. ഇന്ത്യയിൽ ബാലവേല അവസാനിപ്പിക്കാൻ സാമൂഹികവും രാഷ്ട്രീയവുമായ ഇച്ഛാശക്തി ആവശ്യമാണെന്നും ഇതിനായി സർക്കാരിന് സമൂഹത്തിന്‍റെയും സ്വകാര്യ മേഖലയുടേയും പിന്തുണ ആവശ്യമാണെന്നും സത്യാർഥി കൂട്ടിച്ചേർത്തു.
നരേന്ദ്രമോദി സർക്കാരിന്‍റെ കീഴിൽ ബാലവേലയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. ഇന്ത്യയിലെ ഓരോ കുട്ടിയും സ്വതന്ത്രരും, സുരക്ഷിതരും വിദ്യാഭ്യാമുള്ളവരും ആയിരിക്കണം. 2047 ന് മുൻപ് അത് സംഭവിക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ 2047വരെ കാത്തിരിക്കാതെ അത് നിറവേറ്റാൻ ഇന്ത്യക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നതായും സത്യാർഥി പറഞ്ഞു.
ഉത്തർപ്രദേശിലെയോ ബിഹാറിലെയോ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള പെണ്‍കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള സ്വാതന്ത്ര്യവും, അവളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുളള അവസരവും ലഭിക്കുന്ന ദിവസമാണ് ഇന്ത്യ പൂർണമായും സ്വതന്ത്രനാകുന്നത്. 14 വയസുവരെയുള്ള എല്ലാത്തരം ബാലവേലയും നിരോധിക്കുന്ന നിയമം പോലെ 18 വയസുവരെയുള്ള ബാലവേലയും നിരോധിക്കണം, സത്യാർഥി പറഞ്ഞു.
സമൂഹം സ്വകാര്യ മേഖലയുമായി കൈകോർത്ത് പ്രവർത്തിക്കണം. ലോകത്തെവിടെയായാലും കുട്ടികളെ കന്നുകാലികളെപ്പോലെ വിൽക്കുകയോ വാങ്ങുകയോ ചെയ്താൽ അത് വലിയ കളങ്കമാണ് സൃഷ്‌ടിക്കുക. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ അക്കാര്യത്തിൽ തീർച്ചയായും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.