ശ്രീനഗർ: മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്‍റെ 370 പ്രസ്‌താവനക്കെതിരെ ബിജെപി രംഗത്തെത്തിയ സാഹചര്യത്തിൽ പ്രതികരണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ബി.ആർ അംബേദ്കര്‍ ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ പോലും പാകിസ്ഥാൻ അനുകൂലിയെന്ന പേരിൽ ബിജെപി ആക്രമിക്കുമായിരുന്നുവെന്ന് മെഹബൂബ മുഫ്‌തി പ്രതികരിച്ചു.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കുമെന്നായിരുന്നു ദിഗ്‌വിജയ് സിങ്ങിന്‍റെ പ്രസ്‌താവന. ഇതിന് മറുപടിയുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്നാണ് മെഹബൂബ മുഫ്‌തിയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
ക്ലബ്ബ് ഹൗസിൽ ഒരു പാകിസ്ഥാൻ മാധ്യമപ്രവർത്തകനുമായി നടത്തിയ ചാറ്റിലാണ് ദിഗ്‌വിജയ് സിങ് നിലപാട് വ്യക്തമാക്കിയത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുഃഖകരമെന്നും ചാറ്റിൽ സിങ് പറഞ്ഞിരുന്നു. പാകിസ്ഥാനുമായി കോൺഗ്രസ് പാർട്ടിക്കളുമായി കൈകോർക്കുന്ന നിലപാടാണ് പുറത്തു വന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.
READ MORE: ആര്‍ട്ടിക്കിള്‍ 370 പരാമര്‍ശം : ദിഗ്‌വിജയ് സിങ്ങിന് പിന്തുണയുമായി താരിഖ് അന്‍വര്‍
ഇന്ത്യൻ യൂണിയനിൽ ജമ്മു കശ്‌മീർ ലയിക്കുമ്പോൾ കശ്‌മീരിന് നൽകിയ പ്രത്യേക അധികാരമായ ആർട്ടിക്കിൾ 370 ബിജെപി സർക്കാർ റദ്ദാക്കിയതിനെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.