ന്യൂഡല്‍ഹി : റഷ്യയുടെ യുക്രൈനിലെ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായ അഞ്ചാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. 249 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 മലയാളികളും ഉള്‍പ്പെടുന്നു. റൊമേനിയയിലെ ബുക്കാറസ്റ്റില്‍ നിന്നാണ് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള വിമാനം പുറപ്പെട്ടത്.
യുക്രൈനില്‍ നിന്ന് വിമാന സര്‍വീസ് നടത്താനാവാത്ത സാഹചര്യത്തില്‍ അതിര്‍ത്തി രാജ്യങ്ങളായ റോമേനിയ ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്നാണ് അവരെ വിമാനം വഴി നാട്ടില്‍ എത്തിക്കുന്നത്. യുക്രൈനിന്‍റെ അതിര്‍ത്തി കടക്കുന്നത് ശ്രമകരമാണെന്നും നിരവധി ഇന്ത്യക്കാര്‍ ഇപ്പോഴും യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി അധികൃതരെ അറിയിക്കാതെ യുക്രൈനിലെ ഒരു അതിര്‍ത്തിയും കടക്കരുതെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: LIVE UPDATE| അഞ്ചാം ദിവസവും അയവില്ലാതെ ആക്രമണം തുടർന്ന് റഷ്യ ; സമാധാന ചർച്ച ഇന്ന് ബെലാറുസില്‍
രക്ഷാപ്രവര്‍ത്തനം യുക്രൈനിന്‍റെ അതിര്‍ത്തി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ഏകോപിപ്പിച്ചാണ് ഇന്ത്യന്‍ എംബസി നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. യുക്രൈനില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത് അതിയായ ആശങ്കയോടെയാണ് രാജ്യം കാണുന്നതെന്ന് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി വ്യക്തമാക്കിയിരുന്നു. യുക്രൈനിലെ അതിര്‍ത്തികള്‍ അനിശ്ചിതത്വം നിറഞ്ഞതാണെന്നും രക്ഷാപ്രവര്‍ത്തനം എന്ന മാനുഷിക ആവശ്യം ഉടനെ അഭിസംബോധന ചെയ്യപ്പെടണമെന്നും ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു.