കടലൂര്‍(തമിഴ്‌നാട്) : കുടുംബ വഴക്കില്‍ പൊലിഞ്ഞത് രണ്ട് നവജാത ശിശുക്കളടക്കം നാല് പേരുടെ ജീവനുകള്‍. രണ്ടുപേര്‍ 90 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലും. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ്, തെറ്റിപ്പിരിഞ്ഞ ഭര്‍ത്താവ് തന്‍റെ ഭാര്യയുടേയും അവരുടെ സഹോദരിയുടേയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെയും മേല്‍ പെട്രോള്‍ ഒഴിച്ച് തീക്കൊടുത്തത്.
കടലൂരിലെ വെള്ളിപ്പിള്ളയാർ കോവിൽ സ്‌ട്രീറ്റില്‍ ഒരു വീടിന് തീപിടിച്ചെന്ന് അറിഞ്ഞ് പൊലീസ് അവിടെ എത്തിയപ്പോഴാണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച് കിടക്കുന്നതും മറ്റ് നാല് പേര്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് കിടക്കുന്നതും കണ്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തമിഴരസി എന്ന യുവതിയും സദ്‌ഗുരുവും മരണപ്പെട്ടു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : ധനലക്ഷ്‌മി ,ഭര്‍ത്താവ് സദ്ഗുരുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്,നാല് മാസം പ്രായമായ കുഞ്ഞുമായി സഹോദരി തമിഴരസിയുടെ വീട്ടിലേക്ക് വന്നിരുന്നു. അതിനിടെ ഇന്ന് (08,02,2023) സദ്‌ഗുരുവും ഇയാളുടെ അമ്മ സെല്‍വിയും ധനലക്ഷ്‌മിയെ കാണാനായി തമിഴരസിയുടെ വീട്ടില്‍ വന്നു. ഒരു കാന്‍ പെട്രോളും ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു.
ധനലക്ഷ്‌മിയുമായുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ സദ്‌ഗുരു ധനലക്ഷ്‌മിയുടേയും കുഞ്ഞിന്‍റേയും മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. തന്‍റെ സഹോദരിയേയും കുട്ടിയേയും രക്ഷിക്കാനായി ഓടിവന്ന തമിഴരസിയുടേയും അവരുടെ എട്ട് മാസം പ്രായമായ കുട്ടിയുടേയും മേലും ഇയാള്‍ പെട്രോള്‍ ഒഴിച്ചു. അതിന് ശേഷം ഇയാള്‍ തീപ്പെട്ടി ഉരയ്ക്കുകയായിരുന്നു.
തുടര്‍ന്ന് സദ്‌ഗുരുവും സെല്‍വിയുമടക്കം എല്ലാവര്‍ക്കും പൊള്ളലേറ്റു. തമിഴരസിയുടേയും ധനലക്ഷ്‌മിയുടേയും രണ്ട് നവജാതശിശുക്കള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തമിഴരസിയും സദ്‌ഗുരുവും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സെല്‍വി, ധനലക്ഷ്‌മി എന്നിവരുടെ നില ഗുരുതരമാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.