ന്യൂഡൽഹി: രാജ്യത്ത് അവശ്യസാധനങ്ങളുടെ വില 2022 മാർച്ചിൽ ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പല അവശ്യസാധനങ്ങളുടെയും വിലയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 മാർച്ചിനെ അപേക്ഷിച്ച് 2022 മാർച്ചിൽ വെളുത്തുള്ളിയുടെ വില 23 ശതമാനവും ഉള്ളിയുടെ വില 9 ശതമാനവും തേങ്ങ, ഇഞ്ചി എന്നിവയുടെ വില 6 ശതമാനവും ആപ്പിളിന്‍റെ വില 4 ശതമാനവും അരിയുടെ വില 3 ശതമാനവും കുറഞ്ഞു.
അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില സ്ഥിരപ്പെടുത്തുന്നതിനും, ഗാർഹിക ലഭ്യത വർധിപ്പിക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്‍റ് നടത്തിയ മുൻകരുതലുകളുടെയും നടപടികളുടെയും ഫലമായാണ് സാധനങ്ങളുടെ വില കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോവറിന്‍റെയും( മണിച്ചോളം) അതിന്‍റെ ഉത്പന്നങ്ങളുടെയും വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2 ശതമാനമായി കുറഞ്ഞതായും ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറത്ത് വിട്ട ഡേറ്റ സൂചിപ്പിക്കുന്നു.
2021 മാർച്ചിനെ അപേക്ഷിച്ച് 2022 ൽ മക്ക് മെലൺ (ഖർബൂസ), പയറുവർഗങ്ങൾ-അർഹർ, ടർ ഡാൽ എന്നിവക്ക് ഏകദേശം 1 ശതമാനം വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പയര്‍, ഉഴുന്ന് പരിപ്പ് എന്നിവയ്‌ക്ക് ഏകദേശം 2 ശതമാനവും, പുളിക്ക് ഏകദേശം 10 ശതമാനവും, വെളിച്ചെണ്ണക്ക് ഏകദേശം 14 ശതമാനവും വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വെളുത്തുള്ളിയുടെ നിരക്കിൽ 23 ശതമാനം കുറവും രേഖപ്പെടുത്തി.
അതുപോലെ 2019 മാർച്ചിനെ അപേക്ഷിച്ച് 2022ൽ അരി (5 ശതമാനം), കശുവണ്ടി (7 ശതമാനം), ഇഞ്ചി (33 ശതമാനം), തക്കാളി (4 ശതമാനം), വെളിച്ചെണ്ണ (3 ശതമാനം) എന്നിവയുടെ വിലയിലും ഗണ്യമായ കുറവുണ്ടായി. 2018 മാർച്ചിനെ അപേക്ഷിച്ച് 2022 മാർച്ചിൽ അരി (3 ശതമാനം), വെളിച്ചെണ്ണ (3 ശതമാനം), വാഴപ്പഴം (1 ശതമാനം), തേങ്ങ (3 ശതമാനം), കശുവണ്ടി (5 ശതമാനം), ഇഞ്ചി (12 ശതമാനം) എന്നിവയിലും വിലക്കുറവുണ്ടായി.