കൊൽക്കത്ത: ഇന്ത്യ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിമ സ്ഥാപിക്കുന്നുവെന്ന് കരുതി നേതാജിയെയോ അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയത്തേയൊ കേന്ദ്ര സർക്കാർ ബഹുമാനിക്കുന്നുവെന്ന് അർഥമില്ലെന്ന് മമത ബാനർജി പറഞ്ഞു.
നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ റെഡ് റോഡിൽ വച്ച് നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത. നേതാജിയുടെ 125 ആം ജന്മ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ പൂർണകായ പ്രതിമ ഇന്ത്യ ഗേറ്റില്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഗ്രാനൈറ്റില്‍ തീർക്കുന്ന പ്രതിമ സ്ഥാപിക്കുന്നത് വരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
Also read: ജന്മവാർഷികത്തിൽ നേതാജിയെ സ്‌മരിച്ച് ഇന്ത്യ; മണൽ ശിൽപം തീർത്ത് സാൻഡ് ആർടിസ്റ്റ് സുദർശൻ
അമർ ജവാൻ ജ്യോതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ സമീപകാല തീരുമാനങ്ങളും ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ നേതാജിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ നിർദേശിച്ച ടാബ്‌ലോ റദ്ദാക്കിയത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബംഗാൾ മുഖ്യമന്ത്രി കേന്ദ്രത്തെ കടന്നാക്രമിച്ചു. നേതാജി രൂപീകരിച്ച ആസൂത്രണ കമ്മിഷൻ ഉപേക്ഷിച്ച കേന്ദ്ര നടപടിയേയും മമത വിമർശിച്ചു.
ആസൂത്രണ കമ്മിഷന്‍റെ മാതൃകയിൽ, പശ്ചിമ ബംഗാളിൽ ബംഗാൾ ആസൂത്രണ കമ്മിഷൻ ഉണ്ട്. ജയ് ഹിന്ദ് സർവകലാശാല (നേതാജിയുടെ പേരിൽ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച സർവകലാശാല) ഉടൻ ഉദ്ഘാടനം ചെയ്യും. ആസാദ് ഹിന്ദ് സ്മാരകം സ്ഥാപിച്ചുവെന്നും മമത ബാനർജി പറഞ്ഞു. ബംഗാൾ വീണ്ടും രാജ്യത്തിന് ശരിയായ പാത കാണിക്കുമെന്നും മമത കൂട്ടിച്ചേർത്തു.