മുംബൈ : മുംബൈയിൽ ആഢംബര കപ്പലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്‌ഡുകളെത്തുടർന്ന് അറസ്റ്റിലായ ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ മുംബൈയിലെ എസ്പ്ലാനേഡ് കോടതി പരിഗണിക്കുന്നു. ആര്യനൊപ്പം പിടികൂടിയ അർബാസ് മർച്ചന്‍റ്, മുൻമുൻ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
അതേ സമയം ആര്യൻ ഖാൻ കോടതിയിൽ വികാരാധീനനായതായാണ് വിവരം. താനൊരു ഇന്ത്യക്കാരനാണെന്നും രാജ്യം വിടില്ലെന്നും ആര്യൻ കോടതിയിൽ പറഞ്ഞു. 'ഞാൻ ഇന്ത്യക്കാരനാണ്. എന്‍റെ മാതാപിതാക്കളും ഇന്ത്യക്കാരാണ്. ഞാൻ ഇന്ത്യയിലാണ് താമസിക്കുന്നത്. എനിക്ക് ഇന്ത്യൻ പാസ്പോർട്ട് ഉണ്ട്. എല്ലാത്തിനുമുപരി ഞാൻ അധികൃതരുമായി സഹകരിക്കുന്നുണ്ട്. അതിനാൽ തന്നെ ഞാൻ രാജ്യം വിടുമോ എന്ന ചോദ്യത്തിന് പ്രസക്‌തിയില്ല', ആര്യൻ പറഞ്ഞു.
അതേസമയം ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ആര്യന്‍റെ അഭിഭാഷകൻ മനേഷിന്ദെയും എൻസിബി അഭിഭാഷകനും തമ്മിൽ കോടതിയിൽ കടുത്ത വാദമാണ് നടക്കുന്നത്. എന്നാൽ വിവിധ കാരണങ്ങൾ നിരത്തി എൻസിബി ജാമ്യാപേക്ഷയെ എതിർക്കുന്നതായാണ് വിവരം.
ഒക്‌ടോബർ 2 നാണ് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡിലിയ ക്രൂയിസിന്‍റെ 'ദി എംപ്രസ്' എന്ന ആഡംബര കപ്പലിൽ വച്ചുനടന്ന പാർട്ടിയിൽ നിന്നാണ് എന്‍സിബി ലഹരിമരുന്ന് കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്‌ന്‍, 21 ഗ്രാം ചരസ്, 22 എംഡിഎംഎ ഗുളികള്‍, അഞ്ച് ഗ്രാം എംഡി എന്നിവയാണ് പിടിച്ചെടുത്തത്.
ALSO READ : ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി ; ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് എന്‍സിബി ഡയറക്‌ടർ
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാൻ ഉള്‍പ്പടെ എട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്. തുടർന്ന് ആര്യൻ ഖാൻ, അർബാസ് സേത്ത് മർച്ചന്‍റ്, മൻമുൻ ധമേച്ച എന്നിവരുൾപ്പെടെ മൂന്ന് പ്രതികളെ ഈമാസം 7 വരെ എന്‍സിബി കസ്റ്റഡിയിൽ വിടുകയായിരുന്നു.