ഗുവഹത്തി: ഇന്ത്യന്‍ ദീര്‍ഘ ദൂര നീന്തല്‍ താരങ്ങളായ എല്‍വിസ് അലി ഹസാരികയും റിമോ സഹയും ചരിത്രം കുറിച്ചു. യൂറോപ്പിലെ നോര്‍ത്ത് ചാനല്‍ നീന്തിക്കടക്കുന്ന ഏഷ്യയിലെ ആദ്യത്തെ റിലെ ടീമായി ഇവര്‍ മാറി. വടക്കന്‍ അയര്‍ലന്‍ഡിന്‍റെയും സ്‌കോട്ട്‌ലന്‍ഡിന്‍റെയും ഇടയിലുള്ള കടലിടുക്കാണ് നോര്‍ത്ത് ചാനല്‍. എല്‍വിസ് ഹസാരിക അസം സ്വദേശിയും റിമോ സഹ ബംഗാള്‍ സ്വദേശിയുമാണ്.
ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിലേ നീന്തലിലൂടെ നോര്‍ത്ത് ചാനല്‍ കടക്കുന്ന ആദ്യത്തെ വ്യക്തികളായും ഇവര്‍ മാറി. 14 മണിക്കൂറും 38 മിനിട്ടും എടുത്താണ് ഇവര്‍ നോര്‍ത്ത് ചാനല്‍ കടന്നത്. നോര്‍ത്ത് ചാനല്‍ റിലേ നീന്തലിലൂടെ കടക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനായ താരവുമായി മാറി ഹസാരിക.
വളരെ നാളുകളായി ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ഹസാരിക ഫേസ്‌ബുക്കില്‍ കുറിച്ചു. കഠിനമായ പരിശ്രമത്തിന് ശേഷമാണ് സ്വപ്‌നം സാക്ഷാത്‌കരിച്ചത്. വളരെയധികം വെല്ലുവിളികള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നു. പ്രധാനമായും വലിയ ജെല്ലി മത്സ്യങ്ങള്‍. അവ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു എന്നും ഹസാരിക പറഞ്ഞു.
രണ്ട് വര്‍ഷത്തെ കഠിന പരിശ്രമത്തിന്‍റെ ഫലമായാണ് തനിക്ക് ഈ സ്വപ്‌ന സാക്ഷാത്‌കാരം ഉണ്ടായതെന്ന് റിമോ സാഹ പ്രതികരിച്ചു. സെപ്‌റ്റംബര്‍ 17 മുതല്‍ 22 വരെയുള്ള തീയതിയാണ് സഹയും ഹസാരികയും അടങ്ങിയ ടീമിന് അനുവദിച്ചത്. 42 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ നീന്തിയത്.
2023 മാര്‍ച്ചില്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ തയ്യാറെടുക്കുകയാണ് ഹസാരിക. 36 കിലോമീറ്ററാണ് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ വേണ്ടത്. 12 മുതല്‍ 14 മണിക്കൂര്‍ നീന്തേണ്ടി വരും. യുകെയ്‌ക്കും ഫ്രാന്‍സിനുമിടയിലുള്ള കടലിടുക്കാണ് ഇത്.
2018ല്‍ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കാന്‍ ഹസാരിക ശ്രമിച്ചിരുന്നു. 10 കിലോമീറ്റര്‍ കൂടി ദൂരം താണ്ടിയിരുന്നുവെങ്കില്‍ ഉദ്യമത്തില്‍ ഹസാരികയ്‌ക്ക് വിജയിക്കാമായിരുന്നു. യുഎസിലെ കറ്റലിന ചാനല്‍ 2019ല്‍ അദ്ദേഹം നീന്തിക്കടന്നിരുന്നു. ഈ ചാനല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ അസംകാരനാണ് ഇദ്ദേഹം.