ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളുടെ തിരക്കിലാണ് കർണാടക. തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ വോട്ടുകൾ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രമുഖ രാഷ്‌ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പിന്‍റെ കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ പോലും തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാനത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശക്തമായ നിരീക്ഷണമാണ് സംസ്ഥാനത്തൊട്ടാകെ തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്നത്.
ഇതിനകം തന്നെ കള്ളപ്പണം ഉൾപ്പെടെ 9.29 കോടി രൂപയുടെ വസ്‌തുക്കളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കർണാടകയിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസിന്‍റെ സഹകരണത്തോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഏതാനും ദിവസങ്ങളായി റെയ്‌ഡും ഓപ്പറേഷനും നടത്തി വരികയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ വ്യക്‌തമാക്കി.
ഏകദേശം 1.21 കോടി രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് കമ്മിഷൻ കർണാടകയിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 2.66 കോടി വിലമതിക്കുന്ന 59,265 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 1.88 കോടി വിലമതിക്കുന്ന 577 കിലോഗ്രാം മയക്കുമരുന്നും 1.87 കോടിയുടെ സ്വർണവും 80 ലക്ഷം രൂപ വിലമതിക്കുന്ന 15 കിലോ വെള്ളിയും പിടികൂടിയതായും അധികൃതർ അറിയിച്ചു.
1.58 കോടി രൂപ വിലമതിക്കുന്ന 20,114 സാരികൾ, കുക്കറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ തെരച്ചിൽ തുടരുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്‌തമാക്കി. 2023 മേയിൽ കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന മേയ് 24 ന് കർണാടക നിയമസഭയുടെ കാലാവധി അവസാനിക്കും
തെരഞ്ഞെടുപ്പ് നടപടികൾ മാർച്ച് അവസാനത്തോടെ ആരംഭിക്കുകയും ഏപ്രിൽ മാസത്തോടെ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാനത്തെ ആകെ ജനസംഖ്യ 6.1 കോടിയാണ്. ഇതിൽ 3.01 കോടി സ്ത്രീകളും 3.01 കോടി പുരുഷന്മാരുമുണ്ട്. ഇതിൽ 5.21 കോടി ജനങ്ങൾക്കാണ് വോട്ടവകാശമുള്ളത്. സംസ്ഥാനത്ത് 2.62 കോടി പുരുഷ വോട്ടർമാരും 2.59 കോടി സ്‌ത്രീ വോട്ടർമാരുമാണുള്ളത്.
ബിജെപിയും കോണ്‍ഗ്രസും നേർക്കുനേർ: ദക്ഷിണേന്ത്യയിൽ ഒറ്റകക്ഷിയായും സഖ്യത്തോടെയും ബിജെപിയ്‌ക്ക് ഭരണം നേടാൻ കഴിഞ്ഞ ഒരേ ഒരു സംസ്ഥാനമാണ് കർണാടക. 2018ലെ തെരഞ്ഞെടുപ്പിൽ 104 സീറ്റുകളാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്. കോൺഗ്രസിന് 80 സീറ്റും ജെഡിഎസ് 37 സീറ്റും നേടി. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ പിന്നീട് ഓപ്പറേഷന്‍ കമലയിലൂടെ കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങളെ കൂറുമാറ്റിയാണ് ബിജെപി കർണാടകയിൽ ഭരണം പിടിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ഭരണ വിരുദ്ധ വികാരം ഇത്തവണ ഉണ്ടെന്നതാണ് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നും കോണ്‍ഗ്രസ് ഭരണത്തിൽ എത്തുമെന്നുമാണ് അടുത്തിടെ പുറത്തുവന്ന പല സർവേകളും സൂചിപ്പിക്കുന്നത്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക വരുന്ന ബുധനാഴ്‌ച പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. അതേമയം സിദ്ധരാമയ്യയുടെ കോലാർ മോഹങ്ങൾക്ക് തിരിച്ചടി ലഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോലാറിന് പകരം വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായാണ് സൂചന