ന്യൂഡൽഹി: കർണാടകയുടെ യശസും പരമാധികാരവും അഖണ്ഡതയും കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കോണ്‍ഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇട്ട പോസ്റ്റിൽ വ്യക്തത വരുത്താനും നടപടികൾ സ്വീകരിക്കാനുമാണ് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്.
കർണാടകയുടെ സൽപ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയർത്താൻ ആരെയും കോൺഗ്രസ് അനുവദിക്കില്ല എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമർശം. തുടർന്ന് പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കോണ്‍ഗ്രസിനോട് വിശദീകരണം തേടിയത്.
'സോണിയയുടെ ട്വീറ്റ് കർണാടകയിലെ ദേശീയ വാദികളേയും സമാധാനകാംക്ഷികളെയും പുരോഗമനവാദികളേയും പ്രകോപിക്കുന്നതാണ്. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം' എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി നൽകിയ പരാതിയില്‍ പറഞ്ഞിരുന്നത്. കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.
സോണിയയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്. കർണാടക ഇന്ത്യൻ യൂണിയനിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണെന്നും ഇതിന്‍റെ പരമാധികാരം സംരക്ഷിക്കാനുള്ള ഏതൊരു ആഹ്വാനവും വിഭജനത്തിനുള്ള ആഹ്വാനത്തിന് തുല്യമാണെന്നുമാണ് ബിജെപി ആരോപിച്ചത്.
അതേസമയം അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ ഉന്നിയിച്ചുകൊണ്ട് ദി ഹിന്ദുവിൽ തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ച പരസ്യത്തിൽ ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. പരസ്യത്തിൽ ഉദ്ധരിച്ചിരിക്കുന്ന അവകാശവാദങ്ങൾക്ക് 2023 മെയ് 9-ന് കാരണങ്ങൾ കാണിക്കാനും ഇവ പരിശോധിക്കാനുള്ള വസ്‌തുതകൾ നൽകാനും കർണാടക ബിജെപി പ്രസിഡന്‍റിനയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണം അഴിച്ച് വിട്ട് മോദി: നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്‌ച നടന്ന തന്‍റെ പൊതുയോഗങ്ങളിൽ കോൺഗ്രസിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടിരുന്നു. കർണാടകയെ ഇന്ത്യയിൽ നിന്ന് വേർപെടുത്താൻ പാർട്ടി പരസ്യമായി വാദിക്കുകയാണെന്ന് ആരോപിച്ച പ്രധാനമന്ത്രി ദേശവിരുദ്ധ ഘടകം എന്ന രോഗം കോൺഗ്രസിന്‍റെ ഉന്നതതലത്തിൽ എത്തിയെന്നും പറഞ്ഞിരുന്നു.
അതേസമയം മെയ് 10 നാണ് കർണാടകയിലെ 224 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13 ന് വോട്ടെണ്ണൽ നടക്കും. സംസ്ഥാനത്ത് തിങ്കളാഴ്‌ച പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടർമാരെ ആകർഷിക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റി നിശബ്‌ദ പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിലാണ് മത്സര രംഗത്തുള്ള പാർട്ടികൾ.
കഴിഞ്ഞ ദിവസം പ്രചാരണ പരിപാടിക്കിടെ ഡെലിവറി ബോയ്‌യുടെ സ്‌കൂട്ടറിൽ ബെംഗളൂരുവിലെ ഹോട്ടലിലേക്ക് പോകുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായി മാറിയിരുന്നു.