ന്യൂഡൽഹി: എട്ടാമത് കോർപ്സ് കമാൻഡർ ലെവൽ ചർച്ച കിഴക്കൻ ലഡാക്കിലെ അതിർത്തിയുടെ ഇന്ത്യൻ ഭാഗത്തുള്ള ചുഷുളിൽ രാവിലെ 9:30ന് ചർച്ച ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്‍റ് കമാൻഡറായ ലെഫ്റ്റനന്‍റ് ജനറൽ പി.ജി.കെ മേനോൻ ചർച്ചക്ക് നേതൃത്വം നൽകും.കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും ചൈനീസ് പിഎൽഎ സൈനികരെ പിൻവലിക്കാൻ ഇന്ത്യൻ സൈന്യം സമ്മർദ്ദം ചെലുത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഏകദേശം 50,000 ഇന്ത്യൻ സൈനികരെ നിലവിൽ കിഴക്കൻ ലഡാക്കിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും (പിഎൽഎ) തുല്യ എണ്ണം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒക്ടോബർ 12 നാണ് കോർപ്സ് കമാൻഡർ-ലെവൽ ചർച്ചയുടെ അവസാന റൗണ്ട് നടന്നതെങ്കിലും സംഘർഷഭരിതമായ സ്ഥലങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നതിൽ തീരുമാനം ഉണ്ടായിരുന്നില്ല.