ഹൈദരാബാദ്: വ്യാജ പേടിഎം ആപ്പ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ എട്ട് പേര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. മുഹമ്മദ് മുസ്‌തഫ ഹുസൈന്‍ മുസാക്കിര്‍, സയിദ് ആമിര്‍ ഹാസന്‍, സയിദ് ഇലിയാസ്, സയിദ് വജീദ് അലി, ഹഫീസ് റാണ, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അബ്‌ദുള്‍ ഷാഹേദ്, മുഹമ്മദ് യൂസഫ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. നാല് കേസുകളിലായാണ് എട്ട് പേരെ പൊലീസ് പിടികൂടിയത്. ഡൗണ്‍ ലോഡ് ചെയ്‌ത പേടിഎം സ്‌പൂഫ് ആപ്പുമായി കടയിലെത്തിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്
കടയിലെത്തി പ്രതികള്‍ സാധനങ്ങള്‍ വാങ്ങിയതിന് ശേഷം ഈ ആപ്പ് വഴി പണമടച്ചതായി കടക്കാരോട് പറയും. ആപ്പില്‍ പണമടച്ചതായി കാണിക്കുകയും ചെയ്യും. തുടര്‍ന്ന് സാധനങ്ങളുമായി കടയില്‍ നിന്ന് പ്രതികള്‍ മടങ്ങുന്നു. പണം ലഭിച്ചിട്ടില്ലെന്നും കബളിക്കപ്പെട്ടതുമായി കടക്കാരന്‍ പിന്നീടാണറിയുന്നതെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വീഡിയോ വഴിയാണ് യുവാക്കള്‍ ഈ സ്പൂഫ് ആപ്പിനെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു.
നിലവില്‍ പ്ലേ സ്റ്റോറില്‍ നിന്ന് ചില ആപ്പുകള്‍ ഡിലീറ്റ് ചെയ്‌തതായും എന്നാല്‍ ചിലത് ശേഷിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. വ്യാജ ആപ്പുകളെക്കുറിച്ച് കടക്കാരും ജനങ്ങളും ബോധവാന്‍മാരായിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.