എറണാകുളം: വിദ്യാർഥിയെ കമ്പളിപ്പിച്ചെന്ന പരാതിയിൽ ബൈജൂസ് ലേണിംഗ് ആപ്പ് നഷ്‌ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്‌തൃ കമ്മിഷൻ. 51,000 രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് ഉപഭോക്‌തൃ കമ്മിഷൻ ഉത്തരവിട്ടത്. സേവനം തൃപ്‌തികരമല്ലെങ്കിൽ പണം തിരികെ നൽകുമെന്ന് ബൈജൂസ് വാഗ്‌ദാനം ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാൽ ഇത് നടപ്പാകാതെ വന്നതോടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിയുടെ പിതാവ് ഉപഭോക്‌തൃ കമ്മിഷനിൽ പരാതി നൽകിയത്. ഫീസായി നൽകിയ 16,000 രൂപയും 25,000 രൂപ നഷ്‌ടപരിഹാരവും 10,000 രൂപ കോടതി ചെലവും ഉൾപ്പെടെ 51,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് ഉത്തരവ്.
എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ ഗോമസ് ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ബൈജൂസ് ആപ്പ് നൽകിയ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ചാണ് പതിനാറായിരം രൂപ നൽകി മകന് വേണ്ടി ലേണിങ് ആപ്പിൽ ചേർന്നത്.
മൂന്ന് ട്രയൽ ക്ലാസുകളിൽ വിദ്യാർഥി തൃപ്‌തനായില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചു നൽകുമെന്നായിരുന്നു എതിർകക്ഷിയുടെ വാഗ്‌ദാനം. എന്നാൽ പരാതിക്കാരന് ചുരുങ്ങിയ സമയം നൽകി ബൈജൂസ് ട്രയൽ ക്ലാസ് തീരുമാനിച്ചതിനാൽ വിദ്യാർഥിക്ക് അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
സേവനം തൃപ്‌തികരമല്ലെങ്കിൽ പണം തിരിച്ചു നൽകാൻ തയ്യാറാണെന്ന് എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ പല പ്രാവശ്യം നേരിട്ടും ഫോൺ മുഖാന്തരവും ബൈജൂസ് ആപ്പിനെ സമീപിച്ചുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. തുടർന്നാണ് നഷ്‌ടപരിഹാരവും കോടതി ചെലവും ഫീസായി അടച്ച 16,000 രൂപയും തിരിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്‌തൃ കമ്മിഷനെ സമീപിച്ചത്.
വാഗ്‌ദാനം ചെയ്‌ത പോലെ വിദ്യാർഥിയിൽ നിന്നും വാങ്ങിയ തുക തിരിച്ച് നൽകാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ഡി ബി ബിനു, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. മിഷേൽ എം ദാസൻ കോടതിയിൽ ഹാജരായി.
Also Read: ജാതീയ അധിക്ഷേപ പരാതി; ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസ്