ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജിയേയും ഭാര്യ രുജിര ബാനര്‍ജിയേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). കല്‍ക്കരി കുംഭകോണത്തില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഇരുവരെയും വിളിപ്പിച്ചത്.
സംസ്ഥാനത്തെ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ അഭിഷേക്, തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ്. അദ്ദേഹത്തോട് സെപ്റ്റംബര്‍ ആറിനും ഭാര്യയോട് സെപ്റ്റംബര്‍ ഒന്നിനും ഡല്‍ഹിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ഇന്ത്യ ലിമിറ്റഡ് കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
സംഭവത്തില്‍ നിയമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളില്‍ ഒന്നുമായി രുജിര ബാനര്‍ജിയ്‌ക്ക് ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രുജിരയുടെ സഹോദരി മേനകാ ഗംഭീറിനെ സി.ബി.ഐ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്‌തുവെന്നാണ് ലഭിക്കുന്ന വിവരം.