ന്യൂഡല്‍ഹി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ 5,551.27 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരുന്ന പണം ഇഡി പിടിച്ചെടുത്തത്. അനുമതിയില്ലാതെ വിദേശത്തേക്ക് പണംഅയച്ചുവെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍.
എംഐ എന്ന ബ്രാൻഡിന് കീഴിലാണ് ഷവോമി ഇന്ത്യയില്‍ മൊബൈൽ ഫോണുകളുടെ വ്യാപാരവും വിതരണവും നടത്തുന്നത്. 2014ലാണ് ഷവോമി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2015 മുതല്‍ കമ്പനി വിദേശത്തേക്ക് പണം അയക്കാന്‍ ആരംഭിച്ചുവെന്ന് ഇഡി പുറത്തുവിട്ട പ്രസ്‌താവനയില്‍ പറയുന്നു.
റോയല്‍റ്റിയുടെ മറവില്‍ ഷവോമി ഗ്രൂപ്പിന്‍റെ ഒരു സ്ഥാപനം ഉള്‍പ്പെടെ മൂന്ന് വിദേശ സ്‌ഥാപനങ്ങള്‍ക്ക് 5,551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറന്‍സി കമ്പനി അയച്ചു. ചൈനീസ് മാതൃ കമ്പനിയുടെ നിര്‍ദേശപ്രകാരമാണ് റോയല്‍റ്റികളുടെ മറവില്‍ വന്‍ തുക വിദേശത്തേക്ക് അയച്ചതെന്നും ഇഡി ആരോപിക്കുന്നു. ഇന്ത്യയിലെ നിർമാതാക്കളിൽ നിന്നുമാണ് മൊബൈൽ സെറ്റുകളും മറ്റ് ഉൽപ്പന്നങ്ങളും കമ്പനി വാങ്ങുന്നത്.
എന്നാല്‍ പണം അയക്കുന്ന മൂന്ന് വിദേശ സ്ഥാപനങ്ങളിൽ നിന്നും ഒരു സേവനവും കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വിദേശനാണ്യ വിനിമയ ചട്ടം സെക്ഷന്‍ 4ന്‍റെ ലംഘനമാണിതെന്നും ഇഡി പ്രസ്‌താവനയില്‍ പറയുന്നു. ബാങ്കുകള്‍ക്ക് തെറ്റിദ്ധാരണജനകമായ വിവരങ്ങളാണ് കമ്പനി നല്‍കിയതെന്നും ഇഡി ആരോപിക്കുന്നു.
ഫെബ്രുവരിയിലാണ് ഇഡി കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഈ മാസമാദ്യം ഷവോമി ഗ്രൂപ്പിന്‍റെ ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ് മനു കുമാര്‍ ജെയ്‌നെ ബംഗളൂരുവിലെ ഇഡിയുടെ ഓഫിസില്‍ വച്ച് ചോദ്യം ചെയ്‌തിരുന്നു.