ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ മന്ത്രിമാരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തുന്ന റെയ്‌ഡ് തുടരുന്നു. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി, മകനും എംപിയുമായ ഗൗതം സിഗമണി എന്നിവരുടെ വീടുകളിലും ഓഫീസുകളിലും ഇന്ന് രാവിലെ മുതലാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ റെയ്‌ഡ് തുടങ്ങിയത്. ചെന്നൈയിലെയും വില്ലുപുരത്തെയും ഓഫീസുകളിലും വീടുകളിലുമാണ് രാവിലെ ഏഴ് മണി മുതല്‍ റെയ്‌ഡ് നടക്കുന്നത്.
വില്ലുപുരം ജില്ലയിലെ തിരുക്കൊയിലൂർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് എഴുപത്തിരണ്ടുകാരനായ കെ പൊൻമുടി. കള്ളക്കുറിച്ചി മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് നാല്‍പത്തിയൊമ്പതുകാരനായ മകൻ ഗൗതം സിഗമണി. 2007 മുതല്‍ 2011 വരെ മൈനിങ് വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ക്വാറികൾക്ക് ലൈസൻസ് കൊടുത്തതിലെ ക്രമക്കേടിലാണ് പൊൻമുടിക്ക് എതിരായ റെയ്‌ഡ്. പൊലീസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം തുടരുന്ന കേസില്‍ മന്ത്രി പൊൻമുടി, മകൻ ഗൗതം സിഗമണി എന്നിവർ പ്രതികളാണ്. ഈ കേസിലെ അന്വേഷണവും വിചാരണയും സ്റ്റേ ചെയ്യണമെന്ന ആവശ്യം അടുത്തിടെ മദ്രാസ് ഹൈക്കോടി നിരസിച്ചിരുന്നു.
ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യ യോഗത്തില്‍ പങ്കെടുക്കാൻ പോയപ്പോഴാണ് റെയ്‌ഡ് എന്നതും ശ്രദ്ധേയമാണ്. എഐഎഡിഎംകെ നേതാക്കൾ ഉൾപ്പെട്ട കേസുകളില്‍ കേന്ദ്ര ഏജൻസികൾ ഒരു അന്വേഷണവും നടത്തുന്നില്ലെന്നും ഡിഎംകെയ്ക്ക് എതിരെ രാഷ്ട്രീയ വൈരം തീർക്കാൻ ഇഡിയെ ഉപയോഗിക്കുകയാണെന്നും ഡിഎംകെ നേതാക്കൾ ഇതിനകം ആരോപണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഗതാഗത മന്ത്രിയായിരുന്നപ്പോൾ നടത്തിയ അഴിമതികളെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി നേരത്തെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സ്റ്റാലിൻ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്‌തിരുന്നു. സെന്തില്‍ ബാലാജി ഇപ്പോൾ ജയിലിലാണ്.
രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും സ്റ്റാലിൻ: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി, മകനും എംപിയുമായ ഗൗതം സിഗമണി എന്നിവരുടെ വീടുകളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് നടത്തുന്ന റെയ്‌ഡില്‍ രൂക്ഷ വിർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ. "കേന്ദ്ര ഏജൻസികളും ഇപ്പോൾ തെരഞ്ഞെടുപ്പ് കാമ്പയിനിന്‍റെ ഭാഗമായിരിക്കുന്നു" എന്നാണ് എംകെ സ്റ്റാലിൻ ഇഡി റെയ്‌ഡിനെ പരിഹസിച്ചത്.
"ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ 13 വർഷം മുൻപ് എടുത്ത വ്യാജ കേസിലാണ് ഇപ്പോൾ കെ പൊൻമുടിയുടെ വീട്ടില്‍ ഇഡി റെയ്‌ഡ് നടത്തുന്നത്. ഇത് ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കാമ്പയിനാണ്". സ്റ്റാലിൻ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാൻ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായാണ് ഇഡി റെയ്‌ഡിന് എതിരെ ഡിഎംകെ അധ്യക്ഷൻ വിമർശനമുയർത്തിയത്.
"തമിഴ്‌നാട് ഗവർണർ ആർഎൻ രവി നിലവില്‍ തെരഞ്ഞെടുപ്പ് കാമ്പയിൻ നടത്തുന്നുണ്ട്. അതിനൊപ്പമാണ് ഇപ്പോൾ ഇഡിയും തെരഞ്ഞെടുപ്പ് കാമ്പയിനിന്‍റെ ഭാഗമായത്... അതിനാല്‍ ഡിഎംകെയ്ക്ക് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കാമ്പയിൻ വളരെ എളുപ്പമായിരിക്കും" സ്റ്റാലിൻ പരിഹസിച്ചു.
ഇഡി റെയ്‌ഡിനെ ഡിഎംകെ ഭയപ്പെടുന്നില്ലെന്നും ഇതൊരു സാധാരണ നാടകം മാത്രമാണെന്നും ഇതിനൊക്കെ ജനങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും സ്റ്റാലിൻ പറഞ്ഞു.