ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ അറസ്‌റ്റിലായ എഎപി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉള്‍പ്പടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. മനീഷ് സിസോദിയ, അദ്ദേഹത്തിന്‍റെ ഭാര്യ സീമ സിസോദിയ, ചാരിയറ്റ് പ്രൊഡക്ഷൻസ് ഡയറക്‌ടർ രാജേഷ് ജോഷി, ഗൗതം മൽഹോത്ര എന്നിവരുടെ സ്ഥാവര ജംഗമ വസ്‌തുക്കളാണ് പിടിച്ചെടുത്തത്.
മനീഷ് സിസോദിയയുടെ 11.49 ലക്ഷം രൂപയുടെ ബാങ്ക് ബാലൻസും ബ്രിൻഡ്‌കോ സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും അടക്കം 44.29 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ഡല്‍ഹി മദ്യനയ കേസിലാണ് എഎപി നേതാവായ മനീഷ് സിസോദിയ ആദ്യം അറസ്‌റ്റിലാകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് സിബിഐ മനീഷിന്‍റ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
മദ്യനയത്തിന് പിന്നാലെ കള്ളപ്പണം : 26ാം പ്രതിയായ മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ ഈ കേസിൽ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കെജ്‌രിവാൾ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മനീഷ് രാജിവച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് മദ്യനയ രൂപീകരണത്തിന് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലുണ്ടെന്ന് ആരോപിച്ച് മാര്‍ച്ച് ഒമ്പതിന് സിസോദിയയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. സിസോദിയയുടെ അറസ്‌റ്റിനെതിരെ വലിയ പ്രതിഷേധമാണ് എഎപി പ്രവർത്തകർ ഡല്‍ഹിയില്‍ നടത്തിയത്. ഈ അറസ്‌റ്റ് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന തരത്തിലുള്ള വാദങ്ങളും ഉയര്‍ന്നിരുന്നു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഇഡി തൊട്ടുപിന്നാലെ മനീഷിനെതിരെ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. 2,100 പേജിലധികം വരുന്ന അനുബന്ധ കുറ്റപത്രത്തിൽ മദ്യനയ രൂപീകരണത്തിന് പിന്നിലെ നടപടികളെക്കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു 271 പേജുകള്‍. മാത്രമല്ല 60 ദിവസങ്ങള്‍ മാത്രമെടുത്താണ് ഇഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഏതാണ്ട് 622 കോടി രൂപയുടെ ക്രമക്കേട് മനീഷ് സിസോദിയ നടത്തിയതായും അനുബന്ധ കുറ്റപത്രത്തില്‍ ഇഡി ആരോപിച്ചിരുന്നു.
ഭാര്യയെ കാണാൻ സിസോദിയയ്‌ക്ക് അനുമതി : കഴിഞ്ഞ മാസം രോഗബാധിതയായ ഭാര്യയെ കാണാൻ, ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന മനീഷ് സിസോദിയയ്‌ക്ക് ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. അതേസമയം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് സമര്‍പ്പിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മനീഷ് സിസോദിയ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും ഇടക്കാല ജാമ്യ ഹര്‍ജിയും പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. മനീഷ് നേരത്തെയും ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെന്നും പിന്നീട് ഇത് പിൻവലിച്ചിരുന്നുവെന്നും ഇഡിയ്‌ക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു വാദിച്ചു.
കഴിഞ്ഞ 23 വർഷമായി സിസോദിയയുടെ ഭാര്യ രോഗാവസ്ഥയിലാണ്. എഎപി നേതാവും 18 വകുപ്പുകള്‍ വഹിച്ചിരുന്ന മന്ത്രിയുമായതിനാല്‍ വീട്ടിൽ പോകുന്നതിന് പോലും അദ്ദേഹത്തിന് സമയമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവരെ പരിപാലിക്കാന്‍ ഒരു സഹായിയെ കൊണ്ട് സാധിക്കും. കോടതിക്ക് വേണമെങ്കില്‍ അകമ്പടിയോടെ പോയി ഭാര്യയെ കാണാൻ സിസോദിയക്ക് അനുമതി നല്‍കാമെന്നും എസ്‌വി രാജു കൂട്ടിച്ചേര്‍ത്തു.