ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നത് ജൂൺ 17 മുതൽ ജൂൺ 20 വരെ മാറ്റിവയ്ക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അഭ്യർഥന അംഗീകരിച്ച് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. അസുഖബാധിതയായ അമ്മ സോണിയ ഗാന്ധിക്കൊപ്പം തുടരാൻ ആഗ്രഹിക്കുന്നതിനാൽ വെള്ളിയാഴ്ച (ജൂൺ 17) ഷെഡ്യൂൾ ചെയ്ത ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ഗാന്ധി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണ ഉദ്യോഗസ്ഥന് കത്തയച്ചിരുന്നു.
കൊവിഡ് 19 ബാധയെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്ത രാഹുൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നുണ്ട്. 30 മണിക്കൂറോളമാണ് രാഹുലിനെ ഇഡി ഇതുവരെ ചോദ്യം ചെയ്‌തത്.