ന്യൂഡൽഹി: ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന വിഭാഗത്തിന്‍റെ ചിഹ്നം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ട് വാളും പരിചയുമാണ് ഷിൻഡെ വിഭാഗത്തിന്‍റെ ചിഹ്നം. ബാലാസാഹെബാഞ്ചി എന്നാണ് ഷിൻഡെ വിഭാഗത്തിന്‍റെ പുതിയ പേര് .
പാർട്ടിക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ ഷിൻഡെ വിഭാഗം മൂന്ന് ചിഹ്നങ്ങൾ സമർപ്പിച്ചിരുന്നു. വാൾ, സൂര്യൻ, അരയാൽ എന്നിവയാണ് സമർപ്പിച്ചത്. നേരത്തെ ഷിൻഡെ വിഭാഗം നിർദേശിച്ച ഗദ, തൃശൂലം എന്നീ ചിഹ്നങ്ങൾ മത ചിഹ്നങ്ങൾ ആണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ വിമതപക്ഷം ശിവസേനയുടെ ഔദ്യോഗിക പേരും ചിഹ്നവും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് ഇരുപക്ഷത്തിനും നൽകാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ അവ മരവിപ്പിച്ചത്. യഥാർഥ ശിവസേന ആരെന്ന തർക്കത്തിൽ അന്തിമ തീരുമാനമാകും വരെയാണ് മരവിപ്പിക്കൽ. ചിഹ്നത്തിലും പേരിലും ഇരു വിഭാഗങ്ങളും അവകാശം ഉന്നയിച്ചിട്ടുള്ളതിനാൽ, അന്തിമ തീർപ്പുണ്ടാകുന്നതു വരെ ഈ നില തുടരുമെന്ന് കമ്മിഷൻ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഇരുപക്ഷവും പുതിയ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമർപ്പിച്ചത്. ഉദ്ധവ് പക്ഷത്തിന് ശിവസേന ഉദ്ധവ് ബാലസാഹെബ് താക്കറെ എന്ന പേരും ഷിൻഡെ പക്ഷത്തിന് ബാലസഹെബാംചി ശിവസേന എന്ന പേരും അനുവദിച്ചു. ഇതോടെ വരാനിരിക്കുന്ന അന്ധേരി ഈസ്‌റ്റ് ഉപതെരഞ്ഞെടുപ്പിൽ താക്കറെ – ഷിൻഡെ വിഭാഗങ്ങൾ പുതിയ പേരും ചിഹ്നവും ഉപയോഗിച്ചാകും കളത്തിൽ ഇറങ്ങുക. നവംബർ മൂന്നിനാണ് അന്ധേരി ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ശിവസേനയുടെ പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.