കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപൂര്‍ ഉള്‍പ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ കേന്ദ്രസേനയുടെ 52 കമ്പനികളെ വിന്യസിക്കും. ഭബാനിപൂറില്‍ മാത്രം 19 കമ്പനികളെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിന്യസിക്കുക. മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപുര്‍, സംസര്‍ഗഞ്ച് എന്നിവിടങ്ങളിലേക്ക് അവശേഷിക്കുന്ന 33 കമ്പനികളെ വിന്യസിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
15 സേനകള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതില്‍ 8 കമ്പനികള്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഭബാനിപൂരില്‍ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് എത്തിയ കേന്ദ്ര സേനകളില്‍ 7 എണ്ണം സിആര്‍പിഎഫും നാലെണ്ണം ബിഎസ്എഫുമാണ്. രണ്ട് കമ്പനികള്‍ എസ്‌എസ്ബിയുടേതും ഓരോന്ന് വീതം സിഐഎസ്എഫ്, ഐടിബിപിയുടേതുമാണ്. സെപ്റ്റംബര്‍ 30നാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ മൂന്നിനാണ് ഫല പ്രഖ്യാപനം.
വിവാദങ്ങള്‍ ഒഴിയുന്നില്ല
ഭബാനിപൂരിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ഭബാനിപൂരിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറി അധികാര പരിധി കടന്ന് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജിയുണ്ട്. തിങ്കളാഴ്‌ച കോടതി ഹര്‍ജി പരിഗണിക്കും.
സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ആരോപിച്ച് മമത ബാനര്‍ജിയുടെ നാമനിര്‍ദേശ പത്രികക്കെതിരെ ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക തിബ്രേവാളും രംഗത്തെത്തിയിട്ടുണ്ട്. മമതയ്ക്കെതിരെയുള്ള അഞ്ച് ക്രിമിനല്‍ കേസുകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് റിട്ടേണിങ് ഓഫിസര്‍ക്കയച്ച കത്തില്‍ തിബ്രേവാളിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് സജല്‍ ഘോഷ് ആരോപിക്കുന്നു.
നന്ദിഗ്രാമിലെ തോല്‍വിയും ഉപതെരഞ്ഞെടുപ്പും
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിൽ മത്സരിച്ചെങ്കിലും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയായിരുന്നു. സംസ്ഥാന നിയമസഭയിലോ പാർലമെന്‍റിലോ അംഗമല്ലാത്ത ഒരാൾക്ക് ആറുമാസത്തേക്ക് മാത്രമാണ് മന്ത്രിസ്ഥാനത്ത് തുടരാൻ ഭരണഘടന അനുമതി ഉള്ളൂ. അതിന്‍റെ അടിസ്ഥാനത്തിൽ നവംബർ 5നകം നിയമസഭയിലേക്ക് ജയിക്കേണ്ടത് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ മമതയ്ക്ക് അത്യാവശ്യമാണ്. ഭബാനിപൂർ എംഎൽഎ ശോഭൻ ദേബ് ചതോപാദ്ധ്യായ സ്ഥാനം ഒഴിഞ്ഞതോടെയാണ് മമതയ്ക്ക് മത്സരിക്കാൻ അവസരം ഒരുങ്ങിയത്.
Read more: ഭവാനിപൂർ ഉപ തെരഞ്ഞെടുപ്പ്; മമത ബാനർജി നാമനിർദേശ പത്രിക സമർപ്പിച്ചു