ന്യൂഡല്‍ഹി: അനധികൃത ഖനി അലോട്ട്‌മെന്‍റ് വിവാദത്തില്‍പ്പെട്ട ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി. ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശുപാര്‍ശ. ഗവര്‍ണർ രമേഷ് ബൈസിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയച്ചു.
ഇതോടെ ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ രാജിക്ക് വഴിയൊരുങ്ങി. നിലവില്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ഇന്ന്(25.08.2022) ഉച്ചയ്‌ക്ക് രണ്ട് മണിക്ക് റാഞ്ചിയിലെത്തിയ ശേഷം സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കിയ വിവരം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് നിയമം ലംഘിച്ചതിന് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിധി.
അഴിമതി ആരോപണം: കഴിഞ്ഞ വർഷം സെപ്‌റ്റംബറില്‍ കരിങ്കല്ല് ഖനനത്തിനായി റാഞ്ചിയിലെ അംഗാര ബ്ലോക്കിൽ 0.88 ഏക്കർ ഭൂമി പാട്ടത്തിന് അനുവദിച്ചതിൽ മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നീ പദവികള്‍ ദുരുപയോഗം ചെയ്‌തുവെന്നാണ് സോറനെതിരെയുള്ള ആരോപണം. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 9 എ ഹേമന്ത് സോറന്‍ ലംഘിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ ജാര്‍ഖണ്ഡ് ഗവർണർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട് തേടിയിരുന്നു.
തുടര്‍ന്ന് മെയ് 2ന് ഹേമന്ത് സോറന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. ഓഗസ്റ്റ് 12നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. ഓഗസ്റ്റ് 18ന് ഇരുവിഭാഗങ്ങളും തങ്ങളുടെ രേഖാമൂലമുള്ള വിശദീകരണം തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചിരുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 192 പ്രകാരം, ഒരു സംസ്ഥാനത്തിന്‍റെ നിയമസഭാംഗം ഏതെങ്കിലും തരത്തിലുള്ള അയോഗ്യതയ്‌ക്ക് വിധേയനായിട്ടുണ്ടോ എന്നതിനെ കുറിച്ച് ചോദ്യം ഉയർന്നാൽ, ഗവർണർക്ക് റഫർ ചെയ്യും. ഗവര്‍ണറുടെ തീരുമാനം അന്തിമമായിരിക്കും. എന്നാല്‍ അതിന് മുന്‍പ് ഗവർണർ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിലപാട് തേടുകയും അതിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യും.